വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് സൂചനകളുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം.
അതേസമയം, അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരിക്കും ആദ്യം അറസ്റ്റ്. ഇതിനായി പാങ്ങോട് സിഐ മെഡിക്കല്‍ കോളേജില്‍ എത്തി. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.
എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാര്‍ജ് കാര്യത്തില്‍ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോര്‍ഡ് റിപ്പോര്‍ട്ട് ലഭിക്കും.
അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകള്‍ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. അതേസമയം, കേസില്‍ അഫാന്റെ കുടുംബത്തിന് വായ്പ നല്‍കിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.
കുടുംബാംഗങ്ങള്‍ക്ക് പുറമെ പുറത്തു നിന്നും പണം കടം വാങ്ങി. സ്വര്‍ണ്ണാഭരണങ്ങളും പണയം വെച്ചിട്ടുണ്ട്. വായ്പ നല്കിയവര് കേസില്‍ സാക്ഷികളാകും. കൂട്ടക്കൊലക്ക് കാരണം സാമ്പത്തിക ബാധ്യത ആയതിനാലാണ് ഇവരുടെ മൊഴികള്‍ പൊലീസ് ശേഖരിക്കുന്നത്.
പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാന്‍ ഡോക്ടര്‍മാര്‍ പൊലീസിന് അനുമതി നല്‍കിയത്
"
https://www.facebook.com/Malayalivartha


























