യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രാഷ്ട്രീയ നേതാവിനെ 17 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

ഒറ്റയ്ക്ക് വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കേസില്‍ കരകുളം മുല്ലശ്ശേരി മുക്കോല ജംഗ്ഷനില്‍ മേലെ പതിയനാട് വീട്ടില്‍ ശിവന്‍പിള്ള മകന് ബിനു എന്ന് വിളിക്കുന്ന സനല്‍കുമാറിന് 17 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി എം.പി ഷിബു ആണ് പ്രതിയെ ശിക്ഷിച്ചത്. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി സംബന്ധമായി യുവതി പ്രദേശത്തെ രാഷ്ട്രീയ നേതാവായ പ്രതിയുടെ വീടിനു സമീപത്തുള്ള ഒരു വീടിന്റെ മുകളിലത്തെ നിലയില്‍ ഒറ്റയ്ക്ക് വാടകക്ക് താമസിച്ചു വരികയായിരുന്നു.
ഇത് മനസ്സിലാക്കിയ പ്രതി സ്വന്തം അനുയായികളെ അയച്ചു യുവതിക്ക് നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ഈ പ്രശ്നങ്ങള്‍ താന്‍ ഇടപെട്ട് പരിഹരിക്കാം എന്ന് യുവതിയുടെ വീടിന്റെ താഴത്തെ നിലയില്‍ താമസിച്ചിരുന്ന യുവതിയിലൂടെ ഈ കേസിലെ അതിജീവിതയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ നേരിട്ട് കണ്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട പ്രതി യുവതിയുടെ വീട്ടിലെത്തുകയും യുവതിയെ കടന്നു പിടിക്കുകയും ചെയ്തു. യുവതി എതിര്‍ക്കുകയും നിലവിളിക്കുകയും ചെയ്ത സമയം പ്രതി ചുരിദാറിന്റെ ഷാള്‍ കൊണ്ട് യുവതിയുടെ കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
അവശയായ യുവതി ഉടന്‍ തന്നെ വൈദ്യസഹായം തേടിയെങ്കിലും പ്രതിയെ ഭയന്ന് വൈകിയാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. ഇത്തരത്തിലുള്ള കേസുകളില്‍ ഇരയെ വിശ്വസനീയ സാക്ഷിയായി പരിഗണിച്ച് ഇരയുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ശിക്ഷിക്കാം എന്ന സുപ്രീംകോടതി വിധി ഉദ്ധരിച്ചുള്ള പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ പേരൂര്‍ക്കട സര്‍ക്കിള്‍സ് മാരായ പ്രതാപന് നായര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് ഭാഗത്തേക്ക് 12 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും 7 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അജിത്ത് പ്രസാദ് ഹാജരായി.
https://www.facebook.com/Malayalivartha


























