മണാലിയിലെ മണ്ണിടിച്ചില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികളും അധ്യാപകരും

മണാലി ഡല്‍ഹി പാതയിലുണ്ടായ മണ്ണിടിച്ചില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികളും അധ്യാപകരും. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെയും കാസര്‍കോട് ചീമേനി എന്‍ജിനീയറിങ് കോളജിലെയും വിദ്യാര്‍ഥികളും അധ്യാപകരുമാണു ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയത്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ 119 വിദ്യാര്‍ഥികളും അധ്യാപകരും ഇന്നലെ രാത്രി മുഴുവന്‍ റോഡിലാണ് കഴിഞ്ഞത്.
പഠനയാത്ര കഴിഞ്ഞ് ഡല്‍ഹിയിലേക്ക് പോകും വഴി മണാലി - ഡല്‍ഹി പാതയിലായിരുന്നു മണ്ണിടിച്ചില്‍. ഇന്നു രാവിലെ തിരികെ ഹോട്ടലില്‍ പോയി മുറിയെടുത്ത് താമസിച്ചു. റോഡിലെ ഗതാഗത തടസം നീക്കി വൈകിട്ടോടെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ കാലാവസ്ഥ അനുകൂലമാണ്.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് പാറക്കല്ലുകളും മരങ്ങളും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്. ഗ്രീന്‍ മണാലി ടോള്‍ പ്ലാസക്ക് സമീപമാണ് സംഭവം. ഞായറാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങുംവിധത്തിലാണ് യാത്ര ക്രമീകരിച്ചിരുന്നത്. മണ്ണ് നീക്കംചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും ആശങ്കപ്പെടെണ്ടതില്ലെന്നും കോളജ് അധികൃതര്‍ പറയുന്നു.
ചീമേനി എന്‍ജിനീയറിങ് കോളജില്‍നിന്നു കഴിഞ്ഞ 20നാണ് ഇലക്ട്രോണിക്സ് ബ്രാഞ്ചിലേയും കംപ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചിലേയും വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യന്‍ യാത്രയ്ക്ക് പോയത്. കുളു മണാലിയിലെത്തിയ സംഘം മഞ്ഞ് വീഴ്ച കാരണം രണ്ടു ദിവസം പുറത്തിറങ്ങാതെ കഴിഞ്ഞു. വിനോദയാത്ര ഒഴിവാക്കി ന്യൂഡല്‍ഹിയിലേക്ക് മടങ്ങവേ റോഡിലേക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഇവരും കുടുങ്ങിയത്. ഇലക്ട്രോണിക്സ് ബ്രാഞ്ചിലെ വിദ്യാര്‍ഥികള്‍ കടന്നുപോയ ശേഷമാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. 20 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും രണ്ട് അധ്യാപകരും മൂന്നു ഗൈഡുകളും രണ്ടു ബസ് ജീവനക്കാരും അടക്കം 50 അംഗസംഘമാണ് റോഡില്‍ കുടുങ്ങിയത്.
https://www.facebook.com/Malayalivartha


























