കരളലിയിപ്പിക്കുന്ന കാഴ്ച: നെഞ്ചുപൊട്ടി ഉമ്മ, തളര്‍ന്നുവീണ് ഉപ്പ, കരച്ചിലടക്കാനാകാതെ കൂട്ടുകാര്‍; ഷഹബാസിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഷഹബാസിന്റെ മൃതദേഹം പാലോറക്കുന്നിലെ തറവാട്ട് വീട്ടിലേക്ക് കയറ്റിയപ്പോള്‍ അകത്തുനിന്ന് ഉയര്‍ന്ന ഉമ്മ റംസീനയുടെ ചങ്കുപൊട്ടുന്ന കരച്ചില്‍ കേട്ടുനില്‍ക്കാനാകാതെ നെഞ്ചുപൊട്ടി ഉറ്റവരും വിതുമ്പി. സ്ത്രീകള്‍ക്കും അയല്‍ക്കാര്‍ക്കും ഷഹബാസിന്റെ സഹപാഠികള്‍ക്കും മാത്രമായിരുന്നു വീട്ടിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. അല്‍പനേരം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം താമരശ്ശേരി ചുങ്കം പള്ളിയില്‍ നിസ്‌കാരം നടത്തി. പിന്നീട് മൃതദേഹം കെടവൂര്‍ മദ്രസയിലേക്ക് കൊണ്ടുപോയി. ഇവിടെ പൊതുദര്‍ശനത്തിന് വച്ച ഷഹബാസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സഹപാഠികളും കൂട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് എത്തിയത്.
അലമുറയിട്ട് കരഞ്ഞുകൊണ്ടാണ് സഹപാഠികള്‍ മൃതദേഹത്തിനരിലേക്ക് എത്തിയത്. ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവര്‍ കുഴങ്ങി. ഇതിനിടെ ഷഹബാസിന്റെ ഉപ്പ ഇക്ബാല്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീണ്ടും മദ്രസയിലേക്ക് കൊണ്ടുവന്നു. ഇതിന് ശേഷമാണ് ഷഹബാസിന്റെ മൃതദേഹം ഖബറടക്കിയത്.
ഷഹബാസ് ഇനിയില്ല എന്നത് ഉറ്റവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ഷഹബാസിന്റെ മൃതദേഹം കബറടക്കിയിട്ടും സുഹൃത്തുക്കളുടെ കണ്ണുനീര്‍ തോര്‍ന്നിട്ടില്ല. ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിനിടെ തുടങ്ങിയ പ്രശ്‌നം അവസാനിച്ചത് ഷഹബാസിന്റെ അന്ത്യയാത്രയില്‍.
https://www.facebook.com/Malayalivartha


























