വിവാഹിതയായ സ്ത്രീയെ മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി....

വിവാഹിതയായ സ്ത്രീയെ മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. വിവാഹബന്ധം വേര്‍പെടുത്താതെ നിയമപരമായ മറ്റൊരു വിവാഹം സാദ്ധ്യമല്ലെന്നിരിക്കേ, ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയാണെന്നുവേണം പ്രഥമദൃഷ്ട്യാ കരുതാനാനെന്നും കോടതി വിലയിരുത്തി.
പാലക്കാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ പീഡനക്കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. പരാതിക്കാരി വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണെന്ന കാര്യം പ്രോസിക്യൂഷനും ശരിവച്ചതോടെയാണ് ഹര്ജിക്കാരന് കുറ്റവിമുക്തനായത്.
വിവാഹവാഗ്ദാനം നല്കി തൃശൂരിലും ഗുരുവായൂരും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചശേഷം വഞ്ചിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. അന്യായമായി തടങ്കലില്‍വച്ചെന്നും 9.3ലക്ഷംരൂപ തട്ടിയെടുത്തെന്നും ആരോപണമുണ്ടായിരുന്നു. തൃശൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
തുടര്‍ന്നാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.യുവതിക്ക് ഭര്‍ത്താവും മക്കളുമുണ്ടെന്നത് മറച്ചുവച്ചാണ് താനുമായി അടുത്തതെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. സത്യം വെളിപ്പെട്ടപ്പോഴാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. യുവതി ആള്‍മാറാട്ടം നടത്തി പലരില്‍നിന്നും പണംതട്ടിയതിന് കേസുകളുണ്ടെന്നും അറിയിച്ചു. വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും ദാമ്പത്യബന്ധം തുടരുകയാണെന്നും യുവതി മൊഴിനല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷനും അറിയിച്ചു. വിവാഹമോചനം നേടാത്ത ഈ സാഹചര്യത്തില്‍ മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കുക അസാദ്ധ്യമാണെന്ന് വ്യക്തമാക്കിയാണ് ഹര്‍ജിക്കാരനെതിരായ കേസ് കോടതി റദ്ദാക്കിയത്.
https://www.facebook.com/Malayalivartha


























