സ്കൂളില്‍നിന്നു മടങ്ങിയെത്തിയ നാലു വയസ്സുകാരന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത: കുട്ടിയുടെ ഉള്ളില്‍ ലഹരിപദാര്‍ഥം എത്തിയതായി ആശുപത്രി അധികൃതര്‍

നാലു വയസ്സുകാരന് സ്കൂളില്‍നിന്നു കഴിച്ച ചോക്കലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ 17നു സ്കൂളില്‍നിന്നു മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ കുട്ടിയെ വടവാതൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിക്ക് ഉയര്‍ന്ന അളവില്‍ രക്തസമ്മര്‍ദവും അനുഭവപ്പെട്ടു. 19നു വൈകിട്ട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയില്‍ കുട്ടിയുടെ ഉള്ളില്‍ ബെന്‍സോഡയാസിപൈന്‍സ് എന്ന ലഹരിപദാര്‍ഥം എത്തിയതായി കണ്ടെത്തി. ചികിത്സയ്ക്കു ശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു.
മണര്‍കാട് അങ്ങാടിവയല്‍ സ്വദേശിയായ യുകെജി വിദ്യാര്‍ഥിയുടെ അമ്മയാണ് കോട്ടയം എസ്പിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയത്. എന്നാല്‍ ചോക്കലേറ്റ് കഴിച്ചതുകൊണ്ടാണോ കുട്ടിക്കു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് വ്യക്തമല്ല.
ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ഉള്ളില്‍ ചെന്നിരിക്കുന്നത് ബെന്‍സോഡയാസിപൈന്‍സ് എന്ന ലഹരിപദാര്‍ഥമാണ്. ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുള്‍പ്പെടെ രോഗാവസ്ഥയുള്ളവരുടെ ചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിഭാഗമാണു ബെന്‍സോഡയാസിപൈന്‍സ്. ഇതെങ്ങനെയാണ് കുട്ടിയുടെ ശരീരത്തില്‍ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. കുട്ടി അന്നേ ദിവസം എന്തൊക്കെ ഭക്ഷണം കഴിച്ചിരുന്നെന്ന് അറിഞ്ഞെങ്കില്‍ മാത്രമേ ഇക്കാര്യം കണ്ടെത്താനാകൂ.
സ്കൂളില്‍ കുട്ടിക്ക് രാവിലെ കഴിക്കാനായി കൊടുത്തുവിട്ട ബിസ്കറ്റും ഉച്ചയ്ക്കു കഴിക്കാന്‍ കൊടുത്ത ചിക്കന്‍ വറുത്തതും തൈരും കഴിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തുടര്‍ന്ന് ഉച്ചയ്ക്ക് കുട്ടി ചോക്ലേറ്റും കഴിച്ചതായി പറയുന്നു. പിന്നീട് കുട്ടി എന്തെങ്കിലും കഴിച്ചോ എന്നത് വ്യക്തമല്ല. ഈ കുട്ടിക്കൊപ്പം ചോക്കലേറ്റ് പങ്കവച്ചു കഴിച്ച സഹപാഠിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
https://www.facebook.com/Malayalivartha


























