വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി: ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ജയിലിലേയ്ക്ക് മാറ്റും...

നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ഇന്ന് ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. ജയിലിലേക്ക് മാറ്റിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി അഫാനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.
ഇനി വ്യക്തമാകേണ്ടത് സാമ്പത്തിക ബന്ധങ്ങളാണ്. വൻ സാമ്പത്തിക ബാധ്യതയാണ് കൊലക്ക് പിന്നിലെന്നാണ് അഫാൻ പറയുന്നത്. എന്നാൽ അത്രയധികം സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാൻെറ അച്ഛൻ റഹിം നൽകിയ മൊഴി. അഫാന് ഇനി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുക. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
അഫാന്‍ രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു എന്ന് റിപ്പോർട്ട്. തട്ടത്തുമലയില്‍ താമസിക്കുന്ന, അഫാന്റെ ഉമ്മയുടെ ബന്ധുക്കളായ രണ്ട് പേരെയാണ് കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നത്. പണം പലിശക്ക് നല്‍കിയിട്ട് ഇവര്‍ ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് അഫാന്‍ മൊഴി നല്‍കി. അഞ്ച് ലക്ഷം രൂപ നല്‍കിയിട്ട് 10 ലക്ഷത്തോളം രൂപ ഇവര്‍ തിരികെ വാങ്ങി. പിന്നെയും നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. ഇതാണ് അവരെ കൊലപ്പെടുത്താന്‍ ആലോചിച്ചതിന്റെ കാരണമെന്നും അഫാന്‍ മൊഴി നല്‍കി. ആശുപത്രിയില്‍ അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുത്തശ്ശി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്‌സാന്‍, മാതാവ് ഷെമീന എന്നിവരെ കൊലപ്പെടുത്തിയതിന് ശേഷം തട്ടത്തുമലയിലെത്തി മറ്റ് രണ്ട് പേരെക്കൂടി വകവരുത്താനാണ് അഫാന്‍ കരുതിയിരുന്നത്. എന്നാല്‍ അനുജനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോര്‍ന്ന് തളര്‍ന്നുപോയെന്നും അതോടെ രണ്ടുപേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അഫാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























