ലക്ഷ്മിയെ ചെന്താമര കൊല്ലുന്നത് കണ്ട് ഭയന്ന് നാടുവിട്ട ദൃക്സാക്ഷിയെ കണ്ടെത്തി പോലീസ്...

നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമര കൊലപ്പെടുത്തുന്നത് നേരില്‍ക്കണ്ടയാളെ കണ്ടെത്തി പോലിസ്. കൊല്ലപ്പെട്ട സുധാകരന്റെ അമ്മ ലക്ഷ്മിയെ കൊല്ലുന്നത് നേരില്‍ കണ്ടയാളെയാണ് ഒരുമാസത്തിന് ശേഷം പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ലക്ഷ്മിയെ ചെന്താമര കൊല്ലുന്നത് കണ്ട് ഭയന്ന് നാടുവിട്ട ഇയാളെ ഒരു രഹസ്യകേന്ദ്രത്തില്‍ നിന്നാണ് പോലിസ് കണ്ടെത്തിയത്. കേസില്‍ ആദ്യത്തെ നിര്‍ണായക ദൃക്സാക്ഷിയാണ് ഒരുമാസത്തിന് ശേഷം പൊലീസിന് മൊഴി നല്‍കിയത്.
ചെന്താമരയെ പേടിച്ച് നാട് വിട്ട യുവാവിനെ നെല്ലിയാമ്പതിയിലെ ജോലി സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. സുധാകരനെയും, അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുന്നത് ആരും കണ്ടിട്ടില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തത്. ജാമ്യം നല്‍കണം–ഇതായിരുന്നു കോടതിയില്‍ ചെന്താമരയുടെ വാദം. ഈ നിലപാടിനെ പൂര്‍ണമായും തള്ളുന്ന സാക്ഷിയെ ആണ് കണ്ടെത്തിത്. ലക്ഷ്മിയെ ചെന്താമര ക്രൂരമായി കൊലപ്പെടുത്തുന്നത് കണ്ട ഒരേയൊരു സാക്ഷി. കൊലപാതകം കണ്ടതിന് പിന്നാലെ ചെന്താമരയെ പേടിച്ച് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു
ചെന്താമരയെപ്പേടിച്ച് നെല്ലിയാമ്പതിയിലെ തൊഴിലിടത്തില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ മൊഴി രേഖപ്പെടുത്തുക ഏറെ ശ്രമകരമായിരുന്നു. ചെന്താമര ജാമ്യം നേടാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ഇയാളും. മൊഴി നല്കിയാല് ഭാവിയില്‍ തന്നെയും വകവരുത്തുമെന്ന് കരുതിയാണ് ഓടിപ്പോയതെന്ന് യുവാവ്. ചെന്താമര കൊലപ്പെടുത്താനുള്ളവരുടെ പട്ടികയില്‍പ്പെടുത്തിയിരുന്ന അയല്‍വാസി പുഷ്പ ഉള്‍പ്പെടെ എട്ടുപേര്‍ ചിറ്റൂര്‍ കോടതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രഹസ്യമൊഴി നല്‍കും.
ചെന്താമര പുറത്തിറങ്ങുമെന്ന ആശങ്ക ഇപ്പോഴും നാട്ടുകാര്‍ക്കുണ്ട്. രഹസ്യ മൊഴി കൊടുക്കാന്‍ പോകുന്നവരൊക്കെ പേടിയോടെയാണ് ചെന്താമരയുടെ ജാമ്യത്തിനുള്ള ശ്രമത്തെക്കുറിച്ച് മനസിലാക്കുന്നത്. എന്നാല്‍ ആദ്യം പകച്ച് നിന്നവര്‍ പോലും അന്വേഷണസംഘത്തിനോട് സഹകരിക്കുന്നുണ്ട്. അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് ആലത്തൂര്‍ ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘം.
കൊലപാതകം കണ്ടുവെന്ന് മൊഴി നല്കിയാല് ജാമ്യത്തില്‍ ഇറങ്ങുന്ന ചെന്താമര തന്നെയും കൊല്ലുമെന്ന് യുവാവ് ഭയന്നിരുന്നതായി പോലിസ് പറയുന്നു. അതിനാല്‍ മൊഴി നല്കാന് യുവാവ് ആദ്യം തയ്യാറായില്ല. എന്നാല്‍, പോലിസ് സംസാരിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. ചെന്താമരക്കെതിരെ മൊഴി നല്കാന് പോവുന്നവരെല്ലാം ആശങ്കയില്‍ തന്നെയാണുള്ളതെന്ന് പോലിസ് വൃത്തങ്ങള്‍ പറയുന്നു.
അതിനാല്‍, തന്നെ ചെന്താമരക്കെതിരെ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലിസ് ശ്രമിക്കുന്നത്. കുറ്റപത്രം കൃത്യസമയത്ത് സമര്‍പ്പിച്ചില്ലെങ്കില്‍ ചെന്താമരക്ക് ജാമ്യം ലഭിക്കാം.
https://www.facebook.com/Malayalivartha

























