കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍

കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാന്‍ഡില്‍. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 2 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. രണ്ട് മുറികളില്‍ നിന്നായാണ് ഇത് ലഭിച്ചത്. കേസില്‍ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ രാത്രിയാണ് കളമശേരി പോളിടെക്നിക് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.14 ദിവസത്തേക്കാണ് പ്രതി ആകാശിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ആകാശിന് പുറമേ അഭിരാജ്, ആദിത്യന് എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മൂന്ന് വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് നാലംഗ അദ്ധ്യാപക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാളാണ് ആകാശെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ആകാശിന് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത് എന്നതുള്‍പ്പെടെ പരിശോധിച്ച് വരികയാണ്.
രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ആദ്യത്തെ എഫ്ഐആറില്‍ കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യന് (21), കരുനാഗപ്പള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് രണ്ടാമത്തെ എഫ്ഐആറിലെ പ്രതികള്‍. 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha
























