കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഡി.ജി.എം വിജിലന്‍സ് പിടിയില്‍

ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഡി.ജി.എം അലക്സ് മാത്യു വിജിലന്‍സ് പിടിയില്‍. കൊല്ലം കടയ്ക്കലിലെ ഗ്യാസ് ഏജന്‍സി ഉടമ മനോജിന്റെ പരാതിയിലാണ് അലക്സ് മാത്യു പിടിയിലായത്. ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റാതിരിക്കാന്‍ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു മനോജ് പരാതി നല്‍കിയത്.
കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാന്‍ മനോജിന്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. മറഞ്ഞു നിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ ഇതേ വീട്ടില്‍ വച്ച് പിടികൂടുകയായിരുന്നു. അലക്സ് മാത്യുവിന്റെ കടവന്ത്രയിലെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. അലക്സ് മാത്യുവിനെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
ഐ.ഒ.സിക്ക് കീഴില്‍ നിരവധി ഗ്യാസ് ഏജന്‍സികളുടെ ഉടമയാണ് മനോജ്. എന്നാല്‍ പുതുതായി വന്ന മറ്റ് ഗ്യാസ് ഏജന്‍സികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളില്‍ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20000ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അത് ചെയ്യാതിരിക്കാന്‍ പണം നല്‍കണമെന്നുമായിരുന്നു അലക്സ് മാത്യുവിന്റെ ആവശ്യം. ഇതിനായാണ് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇന്ന് തിരുവനന്തപുരത്ത് എത്തുമ്പോള്‍ പണം നല്‍കണമെന്നായിരുന്നു ധാരണയായത്. എന്നാല്‍ മനോജ് ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























