മലയാളി മനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു....

മലയാളി മനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം 4.55നായിരുന്നു അന്ത്യം.
വീട്ടില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയസംബന്ധമായ അസുഖത്താല്‍ കഴിഞ്ഞ എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം പിന്നീട് നടക്കും.
ആലപ്പുഴ കുട്ടനാട് മങ്കൊമ്പാണ് അദ്ദേഹത്തിന്റെ സ്വദേശം. വൈറ്റില തൈക്കൂടം എ.കെ.ജി റോഡിലെ 'ലക്ഷാര്‍ച്ചന'യിലാണ് ഇപ്പോള്‍ താമസം. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു, കാളിദാസന്റെ കാവ്യഭാവനയെ, ആഷാഢമാസം ആത്മാവില്‍ മോഹം, താലിപ്പൂ..പീലിപ്പൂ തുടങ്ങി നിരവധി ഹിറ്റുഗാനങ്ങളുടെ രചയിതാവാണ്. ബാഹുബലി മലയാളം പതിപ്പിലെ മുകില്‍വര്‍ണാ.. എന്ന ഗാനമാണ് അവസാന ഹിറ്റുകളില്‍ ഒന്ന്. 1971ല്‍ പുറത്തിറങ്ങിയ വിമോചനസമരം ആയിരുന്നു ആദ്യ ചലച്ചിത്രം.
1975ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍..' എന്ന ഗാനം പ്രശസ്തനാക്കി. ഹരിഹരനുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്.80ലേറെ മലയാള ചിത്രങ്ങള്‍ക്ക് പാട്ടെഴുതി. അന്യഭാഷാ ചലച്ചിത്ര ഗാനങ്ങളുടെ മൊഴിമാറ്റമുള്‍പ്പെടെ എണ്ണൂറോളം ഗാനങ്ങള്‍.
ഏറ്റവും കൂടുതല്‍ അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് അദ്ദേഹമാണ്. 'പൂമഠത്തില്‍ പെണ്ണ്' എന്ന സിനിമയും നിര്‍മ്മിച്ചു. നാല് സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























