ഓട്ടോഡ്രൈവര്‍ മുഹമ്മദ് ഷെരീഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

ആള്‍മറയില്ലാത്ത കിണറ്റില്‍ ഓട്ടോഡ്രൈവര്‍ മുഹമ്മദ് ഷെരീഫിനെ (52) മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മംഗളൂരു സൂറത്കല്ല് കല്ലാപ്പുവിലെ അഭിഷേക് ഷെട്ടിയെ (25) ആണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ഇ. അനൂപ്കുമാറും സംഘവും അറസ്റ്റുചെയ്തത്.
അഭിഷേക് ഷെട്ടി ഓടിച്ചിരുന്ന സ്കൂള്‍ ബസില്‍ നാലുമാസം മുമ്പ് ഓട്ടോ ഇടിച്ചതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷെരിഫുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഷെട്ടിയെ സ്കൂള്‍ മാനേജ്മെന്റ് ഡ്രൈവര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് എ.എസ്.പി. പി. ബാലകൃഷ്ണന് നായര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം മുഹമ്മദ് ഷരീഫിനെ കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെയാണ് കുഞ്ചത്തൂര്‍ മാഞ്ഞിംഗുണ്ടെയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. കിണറിനു സമീപത്ത് കര്‍ണാടക രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷ ചെരിഞ്ഞുകിടക്കുന്നുമുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറിനരികില്‍ ചോര പറ്റിയ തുണികളും ചെരുപ്പും പേഴ്സും കണ്ടെത്തി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പേഴ്സ് പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിയുന്ന ഫോട്ടോയും രേഖകളും കണ്ടെടുത്തത്. ഈ സമയത്താണ് മുഹമ്മദ് ഷരീഫിനെ കാണാതായി എന്ന പരാതിയുള്ളത് വ്യക്തമായത്. വിവരമറിഞ്ഞ് ബന്ധുക്കളെത്തി മുഹമ്മദ് ഷരീഫിന്റെയാണ് ഓട്ടോറിക്ഷയെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച പുറത്തെടുത്ത മൃതദേഹത്തില്‍ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് വ്യക്തമായി.
https://www.facebook.com/Malayalivartha

























