കേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖഫ് നിയമം കൊണ്ട് ഒരു പ്രയോജനവും ഇല്ല: മുനമ്പം വിഷയത്തില്‍ വി.ഡി. സതീശന്

വഖഫ് നിയമ ഭേദഗതി ബില്‍ മുനമ്പം വിഷയം പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് യുഡിഎഫ് മുന്‍പേ പറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖഫ് നിയമം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് ഇപ്പോള്‍ എല്ലാവര്ക്കും മനസിലായി. കേന്ദ്രം പറഞ്ഞുപറ്റിച്ചപ്പോള് സംസ്ഥാന സര്‍ക്കാര്‍ അവരെ ചതിക്കുകയായിരുന്നു എന്നും സതീശന് പറഞ്ഞു.
''രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാര്‍ അജന്‍ഡയ്ക്കു കുടപിടിക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഉറച്ച നിലപാടാണ് കോണ്‍ഗ്രസ് ആദ്യം മുതല്‍ സ്വീകരിച്ചിരുന്നത്. ഭൂമി നല്കിയ സേട്ടിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫാറൂഖ് കോളജ് മാനേജ്മെന്റും ഇപ്പോള്‍ വഖഫ് ട്രൈബ്യൂണലില്‍ ആ നിലപാടിലേക്കാണ് എത്തിയിരിക്കുന്നത്. ട്രൈബ്യൂണലില്‍നിന്ന് അനുകൂല നിലപാട് വരുമായിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെ കൊണ്ട് ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ച് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സ്റ്റേ വാങ്ങി. മേയ് 19 വരെയാണ് ട്രൈബ്യൂണലിന്റെ കാലാവധി. മേയ് 29 വരെയാണ് കോടതി സ്റ്റേ. അപ്പോള്‍ ഈ ട്രൈബ്യൂണലിനു വിധി പറയാന്‍ പറ്റില്ല. ഇനി വരാന്‍ പോകുന്ന ട്രൈബ്യൂണല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സംവിധാനമായിരിക്കും. പ്രശ്നം പെട്ടെന്നു തീര്‍ക്കാനുള്ള അവസരം നഷ്ടമാക്കി പിറകില്‍നിന്നു കുത്തി ചതിച്ചത് സംസ്ഥാന സര്‍ക്കാരാണ്'' - പ്രതിപക്ഷ നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























