നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മുഖ്യ പ്രതിയും അനവധി ക്രിമിനൽ കേസ് പ്രതിയുമായ ജിതിൻ രാജിന് അറസ്റ്റ് വാറണ്ട്

ഓട്ടോറിക്ഷ തൊഴിലാളിയെ നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും അനവധി ക്രിമിനൽ കേസ് പ്രതിയുമായ ജിതിൻ രാജിന് അറസ്റ്റ് വാറണ്ട്. പ്രതിയെ ഏപ്രിൽ 24 നകം അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. നാലാഞ്ചിറ അക്ഷയ ഗാർഡൻസ് അമ്യത് വീട്ടിൽ കാപ്പിരിയെന്നു വിളിക്കുന്ന ജിതിൻ രാജി (27) നെയാണ് അറസ്റ്റ് ചെയ്യേണ്ടത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പേരൂർക്കട പൊലീസിന് അറസ്റ്റ് വാറണ്ട് ഉത്തരവ് നൽകി. 2021 ജനുവരി 6 ന് പൊലീസ് പിടിയിലായ പ്രതി കോടതി ജാമ്യത്തിൽ പുറത്തിറങ്ങി ഒളിവിൽ പോകുകയായിരുന്നു. കേശവദാസപുരം ജ്യോതി നഗറിൽ പ്രമോദ് കുമാറിനെ 2020 സെപ്റ്റംബർ 10 രാത്രി ഒമ്പത് മണിക്ക് ആയിരുന്നു സംഭവം.
വീടിന് മുൻപിൽ നിൽക്കുകയായിരുന്ന പ്രമോദ് കുമാറിനെ ജിതിൻ രാജ് അടക്കമുള്ള നാലംഗ സംഘം
നാടൻ ബോംബ് എറിഞ്ഞ് പരുക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാളുടെ അനന്തിരവനോടുള്ള മുൻവൈരാഗ്യം മൂലമായിരുന്നു ആക്രമണം. 2021 ജനുവരി 6 നാണ് ജിതിൻ അറസ്റ്റിലായത്. കേസിൽ മറ്റു മൂന്നു പേർ നേരത്തേ പിടിയിലായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിലായിരുന്ന ജിത്തിനെ പിടികൂടാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇയാളെ കുടപ്പനക്കുന്നിലെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടി.
2021ൽ നടന്ന മണ്ണന്തല ഭവനഭേദന കേസിലും 2021 ൽ നടന്ന വഞ്ചിയൂരിൽ യുവാവിനെ ആക്രമിച്ച കേസിലും പ്രതിയാണ് ജിതിൻ രാജ്. ഇയാൾക്കെതിരെ മ്യൂസിയം , പൂജപ്പുര, കൻ്റോൺമെൻ്റ്, പേരൂർക്കട, മണ്ണന്തല, വഞ്ചിയൂർ, നെടുമങ്ങാട് സ്റ്റേഷനുകളിൽ 16 ലധികം കേസുകളുണ്ട്. ലഹരി മരുന്ന് വിൽപനയ്ക്ക് ബംഗളൂരുവിലും ജിതിൻ രാജിന് കേസുണ്ട്.ഇയാളെ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. പേരൂർക്കട എസ്എച്ച്ഒ സൈജുനാഥ്, എസ്ഐമാരായ സഞ്ജു ജോസഫ്, വിൽബർ രാജ്, എസ്ഐമാരായ രാംകുമാർ, ബൽറാം ശങ്കർ, വിനോദ്, സിപിഒമാരായ അനു, അനീഷ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























