വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ്; മെയ് രണ്ടിന് മോദി കേരളത്തിൽ

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. വരുന്ന മെയ് രണ്ടിന് തുറമുഖ കമ്മീഷനിംഗ് നടത്തുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് തുറമുഖം അധികൃതര്‍ക്ക് ലഭിച്ചു.
തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്. പി.പി.പി. മാതൃകയില്‍ പണി പൂര്‍ത്തിയായ തുറമുഖത്തിൻ്റെ ആദ്യഘട്ടത്തിൻ്റെ നിര്‍മാണത്തിന് മാത്രം ചെലവഴിച്ചത് 5552 കോടിരൂപയാണ്. പൂര്‍ണമായും ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.
ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്- തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന തുറമുഖ മന്ത്രി വി എൻ വാസവൻ, വ്യവസായ മന്ത്രി പി രാജീവ്, ഡോ. ശശി തരൂർ എംപി, വ്യവസായി ഗൗതം അദാനി അടക്കമുള്ളവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
അതേ സമയം കഴിഞ്ഞ വർഷം മുതൽ തന്നെ മദർഷിപ്പുകളടക്കം നിരവധി കൂറ്റൻ ചരക്കുകപ്പലുകൾ തുറമുഖത്തിലേക്ക് എത്തിതുടങ്ങിയിരുന്നു. കഴിഞ്ഞ ആഴ്ച്ചയിലാണ് ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ എം എസ് സി ‘തുർക്കി’ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന 257-ാമത്തെ കപ്പലാണ് എം എസ് സി തുർക്കി. ഏകദേശം 24,346 ഇരുപതടി കണ്ടെയ്നർ യൂണിറ്റുകൾ വരെ വഹിക്കാൻ ശേഷിയുള്ള കപ്പലാണിത്.
സിംഗപ്പൂരിൽ നിന്നാണ് എംഎസ്സി തുർക്കി വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. കപ്പൽ എത്തിയ ഉടൻ തന്നെ ടഗ്ഗുകൾ ഉപയോഗിച്ച് അതിനെ തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇവിടെ ചരക്ക് ഇറക്കിയ ശേഷം കപ്പൽ അടുത്ത യാത്രയ്ക്കായി ഘാനയിലേക്ക് പോകും.
https://www.facebook.com/Malayalivartha

























