കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയില്‍ ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികള്‍...കുരിശിന്റെ വഴിയിലും പ്രാര്‍ത്ഥനകളിലും വിശ്വാസി സമൂഹം അണിനിരന്നു

കുരിശിന്റെ വഴിയിലും പ്രാര്‍ത്ഥനകളിലും വിശ്വാസി സമൂഹം .... കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയില്‍ വിശ്വാസികള്‍ ദുഃഖ വെള്ളി ആചരിച്ചു. വത്തിക്കാനില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികള്‍ക്ക് സന്ദേശവും പകര്‍ന്നു നല്കി.
സങ്കീര്‍ണമായ അല്‍ഗോരിതങ്ങള്‍ നയിക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ ആരെയും തിരസ്കരിക്കാത്ത ദൈവിക സമ്പദ്വ്യവസ്ഥയെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നാണ് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തത്.
വത്തിക്കാനില്‍ കുരിശിന്റെ വഴിയില്‍ അവതരിപ്പിച്ച പ്രത്യേക ധ്യാന ശ്ലോകത്തിലാണ് ദൈവത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പറ്റി മാര്‍പാപ്പ പറഞ്ഞത്.
അതേസമയം പീഢാനുഭവ സ്മരണയില്‍ ക്രൈസ്തവര്‍ കേരളത്തിലും ദുഃഖവെള്ളി ആചരിച്ചു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് കുരിശിന്റെ വഴിയും പ്രാര്‍ത്ഥനയും നടന്നു. മുനമ്പം സമരം മുതല്‍ സെക്രട്ടറിയേറ്റ് പടിക്കലെ ആശവര്‍ക്കര്‍മാരുടെ പോരാട്ടത്തെവരെ ഓര്‍മ്മിപ്പിച്ചായിരുന്നു സഭാമേലധ്യക്ഷന്മാരുടെ സന്ദേശം.
തിരുവനന്തപുരത്ത് വിവിധ കത്തോലിക്ക സഭകള്‍ സംയുക്തമായാണ് കുരിശിന്റെ വഴി നടത്തിയത്. പാളയം സെന്റ് ജോസഫ് കത്തിഡ്രലില്‍ നിന്ന് ആരംഭിച്ച് നഗരത്തെ വലംവെച്ചായിരുന്നു യാത്ര. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ പ്രാരംഭ സന്ദേശവും, ആച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ സമാപന സന്ദേശവും നല്കി.
കോഴിക്കോട് ദേവമാതാ കത്തിഡ്രലില്‍ നിന്നാണ് കുരിശിന്റെ വഴി തുടങ്ങിയത്. പീഢാനുഭവത്തിന്റെ 14 ഇടങ്ങളില്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കി യാത്ര സെന്റ് ജോസഫ് ദേവാലയത്തില്‍ സമാപിച്ചു. കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ വര്‍ഗീസ് ചക്കാലക്കല്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























