വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച അബിന്‍ ശശിയുടെ അവയവങ്ങള്‍ ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കും

മസ്തിഷ്ക മരണം സംഭവിച്ച അബിന്‍ ശശിയുടെ അവയവങ്ങള്‍ ആറു പേര്‍ക്ക് പുതുജീവനേകും. ഇടുക്കി പാറേമാവ് സ്വദേശി അബിന്‍ ശശി (25)യുടെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ആറ് പേര്‍ക്ക് ദാനം ചെയ്തത്.
കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു അബിന്‍. ഏപ്രില്‍ 15ന് രാവിലെ കൊട്ടാരക്കര പുത്തൂരില്‍ വെച്ചാണ് അബിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്്. ഗുരുതരമായി പരിക്കേറ്റ അബിനെ ആദ്യം കൊട്ടാരക്കരയിലും തുടര്‍ തിരുവനന്തപുരത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 18ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അബിന്റെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.
രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വുകള്‍, രണ്ട് കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ നടപടിക്രമങ്ങള്‍ നടന്നത്.
ഇടുക്കി കോളനിയിലെ പാറേമാവ് തോണിയില്‍ വീട്ടില്‍ ശശിയുടെയും മുന്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ശശിയുടെയും മകനാണ് അബിന്‍ ശശി. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.
"
https://www.facebook.com/Malayalivartha

























