ഐഫോൺ മോഷ്ടിച്ച് ഇതരസംസ്ഥാന തൊഴിലാളി പണം പിൻവലിച്ചു: പിന്നാലെ കേസും, ജയിലും; ജാമ്യത്തിലിറങ്ങി നടപ്പാക്കിയത് ഇരട്ടക്കൊലപാതകം: ഏഴ് വർഷങ്ങൾക്ക് മുമ്പ് മകൻ ഗൗതമിനെയും അപായപ്പെടുത്തിയത്..?

ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി അമിത് ആണെന്ന സംശയം ശക്തമാകുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മാസങ്ങള്‍ക്ക് മുന്‍പ് സ്വഭാവദൂഷ്യം കാരണം ഇതര സംസ്ഥാന തൊഴിലാളിയെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. ഫോണ്‍ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാര്‍ പിരിച്ചുവിട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നും ഐഫോൺ മോഷ്ടിക്കുകയും, അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുകയും ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണംആരംഭിക്കുകയായിരുന്നു.
നേരത്തെ വീട്ടിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളി വീട്ടിൽ നിന്നും ഇവരുടെ ഐഫോൺ മോഷ്ടിച്ചിരുന്നു. ഈ ഫോൺ ഉപയോഗിച്ച് ഇയാൾ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വിജയകുമാറും ഭാര്യയും പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
സിസിടിവി ദൃശ്യം റെക്കോർഡ് ചെയ്യുന്ന ഡിവിആർ (ഡിജിറ്റൽ വിഡിയോ റെക്കോർഡർ) പ്രതി മോഷ്ടിച്ചിട്ടുണ്ട്. വീടിന്റെ മുന്നിൽ സിസിടിവിയുണ്ട്. ഈ സിസിടിവിയുടെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ഡിവിആർ ആണു പ്രതി മോഷ്ടിച്ചത്. വീട്ടിലെ ജോലിക്കാരൻ ആയിരുന്നതിനാൽ തന്നെ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയാണ് അമിതിന്റെ നീക്കമെന്ന് പൊലീസ് സംശയിക്കുന്നു.
വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു. ദമ്പതിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് 2017ലെ മകന്റെ ദുരൂഹ മരണം കൂടിയാണ്. വിജയകുമാറിന്റേയും മീരയുടേയും മകന് ഗൗതമിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്നായിരുന്നു ആരോപണം.
ഇക്കാര്യത്തില്‍ സിബിഐ അന്വേഷണത്തിന് രണ്ടു മാസം മുമ്പ് ഹൈക്കോടതി ഉത്തവിട്ടു. സിബിഐ കേസെടുക്കുകയും ചെയ്തു. മകന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തും മുമ്പേ മാതാപിതാക്കൾ ദാരുണമായി കൊല്ലപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























