അയൽവാസിയുടെ വീട്ടിൽനിന്ന് താക്കോൽ വാങ്ങി അന്വേഷണസംഘത്തിന്റെ നിർണായക തെരച്ചിൽ; സുകാന്ത് സുരേഷിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്...

ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ ഇനിയും പിടികൂടാനാകാത്തത് പോലീസ് സേനയ്ക്കും, ഐബിയ്ക്കും നാണക്കേടാകുന്നു. സുകാന്ത് എവിടെയെന്ന ആരോപണം ശക്തമാകുമ്പോൾ കൂടുതൽ തെളിവുതേടി കഴിഞ്ഞ ദിവസം പോലീസ് എടപ്പാളിലെ വീട്ടിൽ വീണ്ടുമെത്തി. രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയിൽ സുകാന്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകൾ, ഹാർഡ് ഡിസ്‌ക് തുടങ്ങിയവ കണ്ടെടുത്തു. ഇത് കേസിൽ നിർണായക തെളിവായേക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഉത്തരവുമായി പേട്ട പോലീസ് എടപ്പാൾ പട്ടാമ്പി റോഡിൽ അടഞ്ഞുകിടക്കുന്ന വീട്ടിലെത്തിയത്. വട്ടംകുളം പഞ്ചായത്തംഗം ഇ.എ. സുകുമാരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെയും അയൽവാസിയായ ഇബ്രാഹിമിന്റെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. വീടിന്റെ താക്കോൽ അയൽവാസിയുടെ വീട്ടിൽനിന്ന് വാങ്ങിയശേഷം അകത്തുകയറി. പരിശോധനയിൽ മുറികളിൽനിന്ന് ഒന്നും കിട്ടിയില്ല. പിന്നീട് മുകളിലെ നിലയിൽ സുകാന്തിന്റെ പൂട്ടിക്കിടന്ന മുറിയും അലമാരിയും കുത്തിത്തുറന്ന് പരിശോധിച്ചു. ഇതിൽനിന്നാണ് ഹാർഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെടുത്തത്. ഇവകൂടാതെ നിരവധി രേഖകളും ഇവർ പരിശോധിച്ചു. ആവശ്യമുള്ളവയുടെ ചിത്രങ്ങൾ പകർത്തി.
ഇന്ത്യയില്‍ ഉടനീളം രഹസ്യാന്വേഷണ സംവിധാനമുള്ള ഐബിയേയും സുകാന്ത് വെട്ടിക്കുന്നുവെന്നതാണ് ആശ്ചര്യകരം. സുകാന്തിന്റെ അച്ഛനേയും അമ്മയേയും പറ്റി പോലും വിവരമില്ല. സുകാന്തിന്റെ അമ്മയുടെ സഹോദരിക്ക് അടക്കം ഇവരെ കുറിച്ച് അറിയാമെന്ന നിഗമനത്തിലായിരുന്നു പോലീസ്.
എന്നാല്‍ ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചിട്ടും തുമ്പൊന്നും കിട്ടുന്നില്ല. ഇതിനിടെ സുകാന്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സുകാന്ത് സുരേഷും ഐബി ഉദ്യോഗസ്ഥനായിരുന്നു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























