കേരള നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറും രാഷ്ട്രപതിയും, ഒപ്പിടാത്ത സാഹചര്യത്തിൽ അവ തമിഴ് നാട് മാതൃകയിൽ പാസാക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി കടലിലെറിഞ്ഞു...

കേരളത്തിലെ സർവ്വകലാശാല നിയമഭേദഗതി അടക്കമുള്ള ബില്ലുകൾ ഗവർണ്ണർ പിടിച്ചു വച്ചപ്പോൾ കേരളം സുപ്രീംകോടതിയിൽ ഹർജി നല്കിയിരുന്നു. പിന്നീട് ഈ ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നല്കാത്തതിനെതിരെയും കേരളം ഹർജി നല്കി. ഈ ഹർജികൾ ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജോയ്മല്യ ബാഗ്ച്ചി എന്നിവരടങ്ങിയ ബഞ്ചാണ് ഇന്ന് പരിഗണിച്ചത്. തമിഴ്നാട് കേസിൽ ജസ്റ്റിസ് ജെബി പർദിവാല അദ്ധ്യക്ഷനായ ബഞ്ച് ബില്ലുകളിൽ തീരുമാനമെടുക്കാൻ നിശ്ചയിച്ച സമയപരിധി ഈ ഹർജികളിലും ബാധകമാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ കെ കെ വേണുഗോപാൽ വ്യക്തമാക്കി.
അതിനാൽ കേരളത്തിൻറെ ബില്ലുകളും ഇതിൻറെ അടിസ്ഥാനത്തിൽ തീർപ്പാക്കണമെന്ന് കെ കെ വേണുഗോപാൽ വാദിച്ചു. ചുരുക്കത്തിൽ സംഗതി നേടാം എന്നാണ് പിണറായി കരുതിയത്. എന്നാൽ അറ്റോണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കേരളത്തിന്‍റെ ആവശ്യത്തെ ശക്തമായി എതിർത്തു. തമിഴ്നാടിന്‍റെ ഹർജിയിൽ നിന്ന് വ്യത്യസ്തമായ വസ്തുതകൾ കേരളത്തിന്‍റെ കാര്യത്തിലുണ്ടെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിനു മുമ്പാകെ കേരളത്തിന്‍റെ മറ്റൊരു ഹർജിയുമുണ്ടെന്ന് അറ്റോണി ജനറൽ ചൂണ്ടിക്കാട്ടിയപ്പോൾ ഇത് പരിഹരിക്കാവുന്നതേയുള്ളു എന്ന് സോളിസിറ്റർ ജനനറൽ ഇടപെട്ട് തിരുത്തിയത് ശ്രദ്ധേയമായി. ആ ഹർജിയും കൂടി ഇപ്പോഴത്തെ കേസുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കാൻ ജസ്റ്റിസ് നരസിംഹ നിർദ്ദേശിച്ചു.
കേരളം ഗവർണ്ണർക്കെതിരെ ഹർജി നല്കിയ ശേഷമാണ് ചില ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. സർവ്വകലാശാല നിയമഭേദഗതി അടക്കം നാലു ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നല്കിയിരുന്നില്ല. സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിന്‍റെ വിധിയെ ഉപരാഷ്ട്രപതിയും ചില ബിജെപി എംപിമാരും ചോദ്യം ചെയ്തിരുന്നു. രണ്ടംഗ ബഞ്ചിന്‍റെ വിധി കേന്ദ്രം വിശദമായി പരിശോധിക്കുന്നു എന്ന് ഇന്ന് വ്യക്തമാക്കിയ കേന്ദ്രം വിധി മറികടക്കാനുള്ള നീക്കമുണ്ടായേക്കും എന്ന സൂചനയാണ് നല്‍കിയത്. കേരള സർക്കാരിന്റെ ഹർജി വരും ദിവസങ്ങളിൽ സുപ്രീം കോടതി പരിഗണിക്കുമ്പോൾ ഗവർണർക്കായി അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി ഹാജരാകണമെന്ന് അഭ്യർഥിച്ചത് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. കഴിഞ്ഞ വർഷം കേരളം ഹർജി നൽകിയപ്പോൾ തന്നെ ഡൽഹിയിൽ അറ്റോർണിജനറലുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു. .
കേസ് പരിഗണിക്കുമ്പോൾ, രാഷ്ട്രപതിക്ക് അയയ്ക്കാനിടയായ സാഹചര്യം വിശദീകരിച്ച് വസ്തുതാറിപ്പോർട്ടും രാജ്ഭവൻ വെങ്കിട്ടരമണിക്ക് നൽകി. രാഷ്ട്രപതിക്കയച്ചതും, കാരണം വ്യക്തമാക്കാതെ രാഷ്ട്രപതി തടഞ്ഞുവയ്ക്കുന്നതും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ മാർഗ്ഗരേഖ വേണമെന്നതായിരുന്നു മറ്റൊരു ആവശ്യം. ചുരുക്കത്തിൽ രാഷ്ട്രപതിക്കെതിരെയാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്. അന്നത്തെ ചീഫ്സെക്രട്ടറി വി.വേണുവും പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണനുമാണ് വ്യത്യസ്ത ഹർജികൾ നൽകിയത് . മുൻഅറ്റോർണി ജനറൽ കെ.കെ.വേണുഗോപാലാണ് കേരളത്തിനുവേണ്ടി ഹാജരാവുന്നത്.
സർവകലാശാലകളുടെ സ്വയംഭരണം വെട്ടിച്ചുരുക്കുമെന്നും സർക്കാരിന്റെ അതിരുവിട്ട ഇടപെടലുകൾക്ക് വഴിവയ്ക്കുമെന്നും വ്യക്തമായതിനാലാണ് ബില്ലുകൾ രാഷ്ട്രപതിക്കയച്ചതെന്ന് ഗവർണർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.ബില്ലുകൾ സർക്കാരിന്റെ ഏകപക്ഷീയമായ ഇടപെടലിന് കാരണമാകും. ഇത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കും. വൈസ്ചാൻസലർ നിയമനത്തിന് അഞ്ചംഗകമ്മിറ്റിക്കായുള്ള ബിൽ സെർച്ച്കമ്മിറ്റിയിലെ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികളുടെ പ്രസക്തി ഇല്ലാതാക്കും.സ്വകാര്യവ്യക്തിയെ ചാൻസലറാക്കുന്ന ബിൽ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ചാൻസലർമാർക്ക് സ്വയംഭരണാധികാരം ഇല്ലാതാവും.ഏഴു ബില്ലുകളാണ് രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ലോകായുക്തഭേദഗതിക്ക് മാത്രമാണ് അനുമതി നൽകിയത്.
നാലെണ്ണം തള്ളി. 2021ലെ വാഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ഒന്നാംബില്ലും 2022ലെ ഗവർണറുടെ ചാൻസലർസ്ഥാനം ഒഴിവാക്കാനുള്ള രണ്ടാംബില്ലും മാത്രമാണ് രാഷ്ട്രപതിയുടെ മുന്നിലുള്ളത്.ഇതാണ് രാഷ്ട്രപതി ഒപ്പിടാത്തത്.നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയത്. രാഷ്ട്രപതിയെ കൂടാതെ രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലില്‍ അടക്കം തീരുമാനം വന്നിട്ടില്ല. നേരത്തെ തന്നെ ഇതടക്കം ചില ബില്ലുകള്‍ തടഞ്ഞുവയ്ക്കപ്പെട്ടുവെന്ന വാദം ഉയര്‍ന്നിട്ടുള്ളതാണ്. ഇതില്‍ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണിപ്പോള്‍ സംസ്ഥാനം ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതി. ഇതിനെതിരായ പരാതിയെന്ന് പറയുമ്പോള്‍ സുപ്രീംകോടതിയില്‍ തന്നെ ഇതൊരു അപൂര്‍വമായ ഹര്‍ജിയാണ്. ഇത് രാജ്യത്തെ അപൂർവ സംഭവങ്ങളിൽ ഒന്നാണ്.
രാജ്യത്തെ എല്ലാ ഗവർണർമാരും കേന്ദ്ര നിയമമന്ത്രിയുടെ നേതൃത്വത്തിൽ കേരള സർക്കാരിനെതീരെ അണി നിരക്കുന്ന സാഹചര്യമാണുള്ളത്. അറ്റോർണി ജനറലിനെ തന്നെ ഇറക്കാൻ കേന്ദ്രം തീരുമാനിച്ചത് വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് തനിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിൽ ഭരണഘടനാപരമായ പരിരക്ഷയാവും ഗവർണർ ചൂണ്ടിക്കാട്ടുക. ഭരണഘടനാവിരുദ്ധവും സർക്കാരിന് ദുരുദ്ദേശ്യങ്ങളുള്ളതുമായ ബില്ലുകളാണ് തടഞ്ഞുവയ്ക്കുന്നതെന്നാണ് ഗവർണറുടെ വാദം. അതാണ് രാഷ്ട്രപതിക്ക് അയച്ചത് . സുപ്രീം കോടതിയെ സർക്കാർ മാനേജ് ചെയ്യും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ പ്രസിഡന്റിനെതീരെ നടത്തുന്ന നീക്കങ്ങൾ കേരള കേസിലൂടെ പ്രതിരോധിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതിനെതിരായ ഹർജി കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.സാധാരണ ഗതിയിൽ ഗവർണർമാർക്കെതിരെ കോടതികൾ ഉത്തരവുകൾ പാസാക്കാറില്ല. ചില നിരീക്ഷണങ്ങൾ നടത്താറ് മാത്രമാണുള്ളത്. എന്നാൽ തമിഴ് നാട് കേസിലാണ് വ്യത്യസ്ത അനുഭവമുണ്ടായത്. 2021നവംബർ മുതലുള്ള ബില്ലുകൾ തടഞ്ഞു വച്ചത് ഭരണപ്രതിസന്ധിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ബില്ലുകളിലൊപ്പിടാത്തത് ചൂണ്ടിക്കാട്ടി തെലങ്കാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ഗവർണർക്ക് നോട്ടീസയയ്ക്കാൻ കോടതി വിസമ്മതിച്ചിരുന്നു. ഓരോ ബില്ലും ഒപ്പിടാത്തതിന്റെ കാര്യ കാരണം ഗവർണർ നിരത്തും. ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ബിൽ, ജി.എസ്.ടി നിയമത്തിൽ ഭേദഗതി വരുത്തിയുള്ള നികുതി ചുമത്തൽ നിയമങ്ങൾ(ഭേദഗതി)ബിൽ എന്നിവ ഗവർണർ ഒപ്പിട്ടത് ചൂണ്ടിക്കാട്ടി ഭരണ സ്തംഭനമെന്ന സർക്കാർ വാദത്തെ നേരിടും.
ബില്ലുകൾ ഗവർണർക്ക് അംഗീകരിക്കുകയോ, തടഞ്ഞു വയ്ക്കുകയോ പുനഃപരിശോധനയ്ക്ക് തിരിച്ചയയ്ക്കുകയോ, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ ചെയ്യാം. തിരിച്ചയയ്ക്കുന്ന ബിൽ നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ ഇല്ലാതെയോ ഗവർണർക്കയച്ചാൽ ഒപ്പിട്ടേ പറ്റൂ. അതിനാലാണ് തീരുമാനമെടുക്കാതെ രാജ്ഭവൻ രാഷ്ട്രപതിക്ക് അയച്ചത്.ഗവർണർ ഒപ്പിടാത്ത ബില്ലുകളും കാരണവും ഇവയാണ്. ചാൻസലർ പദവി വെട്ടൽ ബില്ല് പാസാക്കിയാൽ വാഴ്സിറ്റികളിൽ രാഷ്ട്രീയ അതിപ്രസരം ഉണ്ടാകും. ഇത് സംഭവിച്ചാൽ സർവകലാശാലയിൽ സ്വയംഭരണം ഇല്ലാതാവും. അഞ്ചംഗ സെർച്ച്കമ്മിറ്റിയിൽ സർക്കാരിന്റെ ഇഷ്ടക്കാർ വി.സിയാവും. വാഴ്സിറ്റി ട്രൈബ്യൂണൽ സ്ഥാപിച്ചാൽ ഹൈക്കോടതിയെ നോക്കുകുത്തിയാക്കി വിരമിച്ച ജില്ലാജഡ്ജിയെ സർക്കാരിന് നിയമിക്കാം. പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് പരിഗണനയില്ല,
അലോപ്പതി ഒഴികെയുള്ള ഡോക്ടർമാർക്ക് പ്രതിഷേധമുണ്ട് .സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കൽ ബില്ലിൽ പട്ടയം ആധികാരിക രേഖയാണെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ സർക്കാരിന്റെ ഗൂഢലക്ഷ്യങ്ങൾ ഒന്നൊന്നായി വലിച്ചു പുറത്തിടുകയാണ് ലക്ഷ്യം. മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറ്റ് സംസ്ഥാനങ്ങളിലെ ഗവർണർമാരിൽ നിന്നും വൻ പിന്തുണയാണ് ലഭിച്ചിരുന്നത്. ആരിഫ് മുഹമ്മദ് ഖാന് മറ്റ് ഗവർണർമാരുമായുള്ള അടുത്ത ബന്ധമാണ് കാരണം. ബി ജെ പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർ - സർക്കാർ പോര് രൂക്ഷമാണ്. ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി ഗവർണർ പോര് സുപ്രീം കോടതിയിലെത്തി.
കഴിഞ്ഞ കുറെ നാളുകളായി ഇടതു സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള വഴികൾ തേടുകയായിരുന്നു ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ.ഇക്കാര്യത്തിൽ ബിജെപിയുടെ സംസ്ഥാന നേതൃത്വം ദുർബലമാണെന്ന് മനസിലാക്കിയ കേന്ദ്ര സർക്കാർ ഗവർണറിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. ഗവര്‍ണര്‍ക്ക് എന്തൊക്കെ അധികാരങ്ങള്‍ ഉണ്ടെന്നും ഇല്ലെന്നും റബര്‍ സ്റ്റാമ്പാണോ അല്ലയോ എന്നുമൊക്കെ വിവിധ കേസുകളില്‍ സുപ്രീം കോടതി വിധികളുണ്ട്. ബില്ലുകള്‍ പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് എന്തെല്ലാം അധികാരമുണ്ടെന്ന് 1979ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ആര്‍ട്ടിക്കിള്‍ 200 അനുസരിച്ച് മൂന്നു തരത്തില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാം.
ബില്ലിന് സമ്മതം നല്കുകയോ സമ്മതം തടഞ്ഞുവയ്ക്കുകയോ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുകയോ ചെയ്യാം. ഭരണഘടന പ്രകാരം ബില്ലില്‍ സമ്മതമറിയിക്കാതെ തടഞ്ഞുവയ്ക്കാനുള്ള ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്, .കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചതു പോലെ ഗവർണർക്കെതിരായ കേസും പുകയാകുമെന്ന് തന്നെയാണ് നിയമവൃത്തങ്ങൾ പറയുന്നത്. നിർമലാ സീതാരാമനെതിരായ കേസിൽ കേരളത്തിന് പണി കിട്ടി.അതേ അവസ്ഥ ഗവർണർക്കെതിരായ കേസിലും നിയമവൃത്തങ്ങൾ പ്രതീക്ഷിക്കുന്നു. കാരണം ഭരണഘടനാ സ്ഥാപനങ്ങളെ സാധാരണഗതിയിൽ കോടതികൾ തൊട്ടുകളിക്കാറില്ല. പ്രത്യേകിച്ച് സുപ്രീം കോടതി. തമിഴ് നാട് കേസ് അപൂർവങ്ങളിൽ അപൂർവമായിരുന്നു.ആ ജഡ്ജിയല്ല കേരളത്തിന്റെ കേസ് കേൾക്കുന്നത്.
https://www.facebook.com/Malayalivartha

























