ശക്തികുളങ്ങരയില്‍ അടിഞ്ഞ ചുവന്ന കണ്ടെയ്‌നറില്‍ ചൈന ഗ്രീന്‍ ടീ

വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കു പോകവെ പുറങ്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലില്‍നിന്ന് ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്‌നറില്‍ ചൈന ഗ്രീന്‍ ടീ ആണെന്നു വിവരം. തീരത്തെത്തിയ കണ്ടെയ്‌നറില്‍നിന്ന് തേയിലപ്പൊടിയും കരയ്ക്ക് അടിഞ്ഞിട്ടുണ്ട്. തേയിലയുടെ മണവും വരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഒരു കണ്ടെയ്‌നറില്‍ മാത്രമേ തേയില ഉള്ളൂവെന്നും ബാക്കിയെല്ലാം ശൂന്യമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരും അറിയിച്ചു. ഇവിടെത്തന്നെ കപ്പലിനകത്ത് സൂക്ഷിക്കുന്ന റെസ്‌ക്യൂ ബോട്ടും അടിഞ്ഞിട്ടുണ്ട്. 28 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണിത്.
കൊല്ലം ജില്ലയിലെ തീരപ്രദേശങ്ങളിലായി ആകെ 18-19 കണ്ടെയ്‌നറുകള്‍ അടിഞ്ഞിട്ടുണ്ട്. പലതും പൊട്ടിപ്പോയിട്ടുണ്ട്. വാതിലുകള്‍ തുറന്നാണ് കണ്ടെയ്‌നറുകള്‍ പലതും അടിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ അകത്ത് കാലിയായിക്കിടക്കുകയാണെന്നാണു വിവരം. അതിനിടെ, ആലപ്പാട് അടിഞ്ഞ കണ്ടെയ്‌നറുകളില്‍നിന്ന് ടഫന്‍ഡ് ഗ്ലാസ്, വസ്ത്രങ്ങള്‍ തുടങ്ങിയവ പുറത്തുവന്നതായാണ് വിവരം.
ഇന്ന് രാവിലെ ആറുമണിയോടെ ആലപ്പുഴയിലെ വലിയ അഴീക്കല്‍ ബീച്ചിനു വടക്ക് തറയില്‍ കടവിനു സമീപം അടിഞ്ഞ കണ്ടെയ്‌നറില്‍ പഞ്ഞിയാണെന്നാണ് പുറത്തുവരുന്ന വിവരം. ശക്തമായ തിരയില്‍ പുലിമുട്ടിന്റെ പാറക്കെട്ടുകളില്‍ തട്ടി കണ്ടെയ്‌നര്‍ തകരുകയും അതില്‍നിന്ന് അറുപതോളം പെട്ടികള്‍ പുറത്തേക്ക് വരികയും ചെയ്തു. പെട്ടികളിലൊന്ന് തകര്‍ന്ന് അതില്‍നിന്ന് വെള്ള പഞ്ഞി പോലുള്ള സാധനമാണ് പുറത്തേക്കു വന്നത്. ഇതു തുണിത്തരങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പഞ്ഞി ആണെന്നാണു പ്രാഥമിക നിഗമനം. എന്തെങ്കിലും രാസപദാര്‍ഥം ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബള്‍ഗേറിയന്‍ കമ്പനിയായ സോഫിടെക്‌സിനു വേണ്ടിയുള്ള കണ്ടെയ്‌നറായിരുന്നു ഇത്. കസ്റ്റംസ് വന്നു പരിശോധിച്ചശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. നാപ്കിന്‍ നിര്‍മാതാക്കളാണ് സോഫിടെക്‌സ്.
കണ്ടെയ്‌നറിനു മുകളിലെ നമ്പര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കുറിച്ചെടുത്തിട്ടുണ്ട്. കണ്ടെയ്‌നര്‍ നമ്പര്‍ പരിശോധിച്ചാല്‍ ഉള്ളില്‍ എന്താണെന്ന് വ്യക്തമാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്‍ഡിആര്‍എഫ് സംഘം കൊല്ലത്തേക്ക് എത്തും. ഇവര്‍ വന്നു പരിശോധിച്ചശേഷം കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യും.
കേരളത്തിന്റെ തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കണ്ടെയ്‌നറുകളുമായി വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു. കപ്പലില്‍നിന്നു കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ളതിനാല്‍ കൊച്ചി, തൃശൂര്‍, ആലപ്പുഴ, കൊല്ലം തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha