പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിച്ച കേസില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയതും ഡീബാര്‍ ചെയ്തതും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു...

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിച്ച കേസില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയതും ഡീബാര്‍ ചെയ്തതും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. നടപടി റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സിദ്ധാര്‍ത്ഥിന്റെ അമ്മ എം.ആര്. ഷീബ നല്കിയ അപ്പീലിലാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി.
ആന്റി റാഗിംഗ് സ്ക്വാഡിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് വിധേയമായി പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ പഠനം തുടരാന്‍ അനുമതി നല്കിയ 2024 ഡിസംബറിലെ സിംഗിള്‍ബെഞ്ച് ഉത്തരവും റദ്ദാക്കിയിട്ടുണ്ട്.
2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥിനെ സര്‍വകലാശാലാ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റാഗിംഗിന്റെ ഭാഗമായി ക്രൂര മര്‍ദ്ദനത്തിന് ഇരയായ സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയെന്നാണ് കേസ്.പ്രതികളായ 19 പേരെയും 2024 മാര്‍ച്ച് ഒന്നിന് കോളേജില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ ഏതാനും വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് ഉത്തരവുണ്ടായത്. പ്രതികളായ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടില്ലെങ്കിലും മണ്ണുത്തി ക്യാമ്പസില്‍ പഠനം തുടരാന്‍ സിംഗിള്‍ബെഞ്ച് അനുവദിച്ചതിനെ ചോദ്യംചെയ്തായിരുന്നു അപ്പീല്‍.
അപ്പീല്‍ പരിഗണനയിലിരിക്കേ ആന്റി റാഗിംഗ് സ്ക്വാഡ് മാര്‍ച്ച് 28ന് നല്കിയ രണ്ടാം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 19 പേരെയും വെറ്ററിനറി സര്‍വകലാശാല പുറത്താക്കിയിരുന്നു. മറ്റ് സ്ഥാപനങ്ങളില്‍ പഠനം തുടരുന്നതില്‍ നിന്ന് യു.ജി.സി ചട്ടപ്രകാരം മൂന്നു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.
"
https://www.facebook.com/Malayalivartha