രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തില്‍ യോഗ്യത മറികടന്ന് നിയമനം നടന്നോ; വി.എ.അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പദവിയില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിന്റെ നിയമനത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ പദവി വഹിക്കാന്‍ അരുണ്‍ കുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്നാണ് ജസ്റ്റിസ് ഡി.കെ.സിങ് ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിനാല്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തില്‍ യോഗ്യത മറികടന്ന് നിയമനം നടന്നോ എന്നാണ് പരിശോധിക്കേണ്ടത്.
തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജും നിലവില്‍ എ.പി.ജെ.അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഡീനുമായ ഡോ. വിനു തോമസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. വിനു തോമസ് തൃക്കാക്കര പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിരുന്ന 2018–2021 കാലത്ത് ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് മീനും ഇറച്ചിയും മുട്ടയും പാലും അടക്കമുള്ളവ വാങ്ങിയ ഇനത്തിലും ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വകയിലും ക്രമക്കേടു നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷോകോസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ മറുപടി സമര്‍പ്പിക്കാന്‍ തനിക്ക് ആവശ്യമായ രേഖകള്‍ നല്‍കുന്നില്ല എന്നുകാട്ടി വിനു തോമസ് ഹൈക്കോടതിയെ സമീപിക്കുകയും ആവശ്യമായ രേഖകള്‍ വിട്ടുകൊടുക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പും തനിക്ക് നല്‍കുന്നില്ല എന്നുകാട്ടി വിനു തോമസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
രേഖകള്‍ നല്‍കേണ്ടതില്ലെന്നു മാത്രമേ ഡിവിഷന്‍ ബെഞ്ച് പറഞ്ഞിട്ടുള്ളൂ എന്നും ഡിജിറ്റല്‍ പകര്‍പ്പ് എടുക്കരുതെന്ന് വിലക്കിയിട്ടില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഡിജിറ്റല്‍ പകര്‍പ്പ് എടുക്കുന്നതുപോലും വിലക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ പകര്‍പ്പ് പോലും നല്‍കാതിരുന്നാല്‍ ഹര്‍ജിക്കാരന് തന്റെ ഭാഗം സമര്‍ഥിക്കാന്‍ സാധിക്കാതെ വരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജിന്റെ പ്രതികാരമനോഭാവമാണ് കാണിക്കുന്നത്. ഒരു ദിവസം പോലും അധ്യാപകനായിട്ടില്ലാത്ത, ക്ലര്‍ക്ക് പദവിയില്‍! ഇരുന്ന ഒരാളാണ് ഇപ്പോള്‍! ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പദവിയില്‍ ഉള്ളത്. ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ പദവി ഒരു സര്‍വകലാശാല വൈസ് ചാന്‍സിലറുടെ പദവിക്ക് തുല്യമാണ്. പ്രഫസര്‍ പദവിയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളവരെയാണ് യുജിസി ഇത്തരം പദവികളില്‍ നിയമിക്കുന്നത്. ഒരു ക്ലര്‍ക്കിന് രാഷ്ട്രീയസ്വാധീനം നിമിത്തം സ്ഥാനക്കയറ്റം കിട്ടുകയും പിന്നീട് ഇത്തരമൊരു സ്ഥാപനത്തിന്റെ ഡയറക്ടറാവുകയും ചെയ്തത് അസാധാരണമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹര്‍ജിക്കാരന് ആവശ്യമായ രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പ് നല്‍കുന്നതിനൊപ്പം ഐഎച്ച്ആര്‍ഡി ഡയറക്ടറായിരിക്കുന്ന വ്യക്തിക്ക് ആ പദവി വഹിക്കുന്നതിന് യോഗ്യതയുണ്ടോ എന്ന് സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയും ചെയ്യണം. അതുകൊണ്ട് ഇക്കാര്യത്തില്‍ സ്വമേധയാ പൊതുതാല്‍പര്യ ഹര്‍ജി റജിസ്റ്റര്‍ ചെയ്ത് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha