കിളിമാനൂര്‍ അടയമണ്‍ രാജമ്മ കൊലക്കേസ്... പ്രതിയായ മരുമകന് പ്രസാദിന് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ

വസ്തു കൈവശപ്പെടുത്താല്‍ ഭാര്യാ മാതാവിനെ ചൂരല്‍ വടികൊണ്ട് മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കിളിമാനൂര്‍ അടയമണ്‍ രാജമ്മ (83) കൊലക്കേസില്‍ പ്രതിയായ മരുമകന് പ്രസാദിന് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി . രാജേഷാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
രാജമ്മയുടെ മരുമകന് അടയമണ്‍ ദേശത്ത് വയ്യാറ്റിന്‍കര കുന്നില്‍ വീട്ടില്‍ രഘുനാഥന് മകന് പ്രസാദിനെ (45) യാണ് ശിക്ഷിച്ചത്. 2014 ഡിസംബര്‍ 26 രാത്രി 9 മണിക്കാണ് സംഭവം നടന്നത്. പ്രതിക്ക് ഭാര്യാ മാതാവായ രാജമ്മയുടെ പേരിലുള്ളതും പ്രതി വീട് വയ്ക്കുന്നതിന് വേണ്ടി അടിസ്ഥാനം കെട്ടിയിട്ടിട്ടുള്ളതുമായ വസ്തു പ്രതിയുടെ പേരില്‍ എഴുതിക്കൊടുക്കാത്തതിലും വസ്തുവിന്മേല് പ്രതി വരുത്തിയിട്ടുള്ള കടബാദ്ധ്യത ഉടനെ തീര്‍ത്തു കൊടുക്കണമെന്നും മറ്റും രാജമ്മ ആവശ്യപ്പെട്ടതില്‍ വച്ച് പ്രതിക്ക് രാജമ്മയോടുണ്ടായ കടുത്ത വിരോധം നിമിത്തം രാജമ്മയെ കൊലപ്പെടുത്തി വസ്തു കൈവശപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്റെ പ്രവൃത്തിയാല്‍ അപ്രകാരം സംഭവിക്കുമെന്നുള്ള അറിവോടും കൂടി വീട്ടിനുള്ളില്‍ തറയില്‍ ടി വി കണ്ട് കൊണ്ടിരുന്ന രാജമ്മയെ വീട്ടില്‍ മറ്റാരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ പ്രതി കൈകവശം കരുതി വച്ചിരുന്ന മരണകാരണ ആയുധമാക്കാവുന്ന ചൂരല്‍ വടി കൊണ്ട് രാജമ്മയുടെ തലയിലും നെഞ്ചിലും വയറ്റിലും ശരീരമാസകലവും മാരകമായി അടിച്ച് പരിക്കേല്‍പ്പിച്ച് തലയിലും നെഞ്ചിലും വയറ്റിലും മറ്റും ഏറ്റ മാരക പരിക്കുകളുടെ കാഠിന്യത്താല്‍ കൊല്ലപ്പെടുന്നതിന് ഇടയാക്കി പ്രതി ഉദ്ദേശ്യ കാര്യസാദ്ധ്യത കൈവരുത്തി കൊലക്കുറ്റം ചെയ്തുവെന്നാണ് കേസ്. കിളിമാനൂര്‍ മുന്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ഷാജി ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി കെ..എല്‍. ഹരീഷ് കുമാര്‍ ഹാജരായി.
തലയിലും നെഞ്ചിലും വയറ്റിലും ഏറ്റ പരിക്കുകളാണ് മരണ കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഗവ. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന് ഡിപ്പാര്‍ട്ട്മെന്റ് അസി.പ്രൊഫസറും ഡെപ്യൂട്ടി പോലീസ് സര്‍ജനുമായ ഡോ. തങ്കമ്മ. പി .ജോര്‍ജ് സര്‍ട്ടിഫിക്കറ്റ് ഉദ്ധരിച്ച് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.
22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും പ്രതി കൃത്യത്തിന് ഉപയോഗിച്ച 124 സെ.മീ. നീളമുള്ളതും ഒരഗ്രം പിളര്‍ന്നതും പഴക്കം ചെന്നതുമായെ ഒരു ചൂരല്‍ വടി ഉള്‍പ്പെടെ 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























