'കള്ളന്മാരെ പിടിച്ചിട്ടേ ഇത്തവണ മല ചവിട്ടൂ'; മാലയിട്ട് അയ്യപ്പനു മുന്നില്‍ എസ്.എച്ച്.ഒയുടെ ശപഥം

ഇരുമുടിക്കെട്ടുമായി മലകയറാന്‍ കാത്തിരിക്കുകയായിരുന്നു ബേബി ബിജു. പക്ഷേ, ഒരു കാര്യം ബാക്കി! ചപ്പാത്ത് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കള്ളന്മാര്‍ അപ്പോഴും കാണാമറയത്ത്. 'അവരെ പിടികൂടിയിട്ടേ ഇത്തവണ മല ചവിട്ടൂ' മാലയിട്ട് അയ്യപ്പനു മുന്നില്‍ ആ പൊലീസ് ഉദ്യോഗസ്ഥന്‍ എടുത്ത ശപഥമായിരുന്നു അത്. വ്രതം തുടങ്ങി, അന്വേഷണം തുടര്‍ന്നു. ഒടുവില്‍ 12 ദിവസത്തെ തിരച്ചിലിനൊടുവില്‍ കള്ളന്മാര്‍ കുടുങ്ങി. ശപഥം പാലിച്ച ആശ്വാസത്തില്‍ ഇനി ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജുവിന് മലകയറാം.
നവംബര്‍ മൂന്നിന് രാത്രി 11.45. ചപ്പാത്ത് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മോഷണം നടന്ന വിവരം പൊലീസിന് മുന്നിലെത്തി. ശീവേലി വിഗ്രഹം, ദേവീവിഗ്രഹങ്ങളുടെ താലിമാലകള്‍, അലങ്കാരമാലകള്‍ തുടങ്ങി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷണം പോയത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഏറ്റെടുത്തത് ബേബി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ബേബി ബിജുവിന്റെയും വാഗമണ്‍ സി.ഐ ജയകുമാറിന്റെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പക്ഷേ, മോഷണം നടന്ന സ്ഥലത്തുനിന്ന് പ്രതികളിലേക്ക് എത്താന്‍ സഹായിക്കുന്ന വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ല. പതിവ് അന്വേഷണരീതികള്‍ക്കപ്പുറം നീളുന്ന ദൗത്യമായി അത് മാറി. സി.സി.ടി.വി ദൃശ്യങ്ങളും സംഭവസമയത്ത് ടവര്‍ ലൊക്കേഷനില്‍ എത്തിയ ഫോണുകളുടെ വിവരങ്ങളും പരിശോധിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോയി.
അതിനിടെയാണ് മണ്ഡലകാലം എത്തിയത്. വര്‍ഷങ്ങളായി ശബരിമല തീര്‍ത്ഥാടനം നടത്തുന്ന ബേബി ബിജുവും വ്രതം തുടങ്ങി. ഒന്നാം തീയതി മാലയിട്ടു. സാധാരണയായി മാലയിടുമ്പോള്‍ മലകയറാനുള്ള തീയതി നേരത്തേ നിശ്ചയിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. മോഷ്ടാക്കളെ പിടികൂടിയിട്ടേ മലകയറൂ എന്നായിരുന്നു തീരുമാനം. അങ്ങനെ ശബരിമല വ്രതത്തിനൊപ്പം പ്രതികളെ കണ്ടെത്താനുള്ള അന്വേഷണവും തുടര്‍ന്നു.
പൊലീസിന്റെ അന്വേഷണത്തില്‍ പ്രതികള്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്ന് വ്യക്തമായി. 12 ദിവസത്തോളം അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചും വിവരങ്ങള്‍ ശേഖരിച്ചും സംഘം മുന്നോട്ടുപോയി. ഒടുവില്‍ അന്വേഷണസംഘം രണ്ടായി തിരിഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ചപ്പാത്ത് ക്ഷേത്രത്തിലെ മോഷണക്കേസിന് തുമ്പുണ്ടായി. കള്ളന്മാര്‍ പിടിയിലായതോടെ എസ്.എച്ച്.ഒയുടെ ശപഥവും പൂര്‍ത്തിയായി.
ഇനി ബേബി ബിജുവിന് ശബരിമലയിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാം. കള്ളന്മാരെ പിടികൂടിയിട്ടേ മലകയറൂ എന്ന വാക്ക് പാലിച്ച ആത്മസംതൃപ്തിയോടെ അയ്യപ്പദര്‍ശനത്തിന് കാത്തിരിക്കുകയാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍. ഉപ്പുതറ എസ്.ഐ പി.എം. സുബൈര്‍, എസ്.സി.പി.ഒമാരായ സലീന്‍ രവി, മിഥുന്‍ സോമന്‍, അജു കൃഷ്ണന്‍, സിനോജ് ജോസഫ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























