അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി

വധക്കേസിൽ രണ്ടാം പ്രതിയായ ഗണേശനെ വെറുതെ വിട്ട സംഭവമാണ് പ്രോസിക്യൂഷൻ ഏറ്റവുമധികം നിരാശ പ്രകടിപ്പിച്ചത്. ഒന്നും രണ്ടും പ്രതികളായ കെ.വി.സുമേഷ്, പി.ഗണേശൻ എന്നിവരാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നതിന് മതിയായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ പറയുമ്പോൾ കോടതി ചൂണ്ടിക്കാണിച്ചത് ഗണേശനെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നാണ്. അതോടൊപ്പം, കേസിലെ 32, 33 പ്രതികളായ പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ പ്രധാനമായും ഉന്നയിച്ചിരുന്ന ആരോപണം തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പർ മുറിയിൽ വച്ച് അവർ മറ്റു പ്രതികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതാണ്. ഈ ഗൂഢാലോചന തെളിയിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി പി. ശബരീനാഥൻ ഇവരെ വെറുതെ വിടാനുള്ള പ്രധാന കാരണം. 360 പേജുള്ള വിധിന്യായത്തിൽ സിബിഐയുടെ ഭാഗത്തു നിന്നുള്ള വീഴ്ചകൾ കോടതി അക്കമിട്ടു പറഞ്ഞിട്ടുണ്ട്. 2012 ൽ സംഭവം നടക്കുമ്പോൾ കേരളം ഭരിച്ചത് യു ഡി എഫ് സർക്കാരാണ്. ഇതിൽ നിന്നും പ്രതികളെ ആരാണ് രക്ഷിച്ചതെന്ന് വ്യക്തമാണ്.
കത്തി ഉപയോഗിച്ച് ഒന്നാം സാക്ഷി സക്കറിയയെ ആക്രമിക്കുകയും അബ്ദുൾ ഷുക്കൂറിന്റെ വയറ്റിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു എന്നതായിരുന്നു ഗണേശനെതിരെയുള്ള ആരോപണം. 2012 മെയ് 26ന് അറസ്റ്റിലായ ഗണേശനെ ജൂൺ രണ്ടിന് നടത്തിയ തിരിച്ചറിയൽ പരേഡിൽ സാക്ഷികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സംഭവം നടന്ന് നാല് മാസത്തിനുള്ളിൽ നടന്ന തിരിച്ചറിയൽ പരേഡിൽ സക്കറിയ, രണ്ടാം സാക്ഷി അയൂബ് തുടങ്ങിയ സാക്ഷികൾക്കൊന്നും രണ്ടാം പ്രതിയെ തിരിച്ചറിയാനായില്ല. ഒറ്റ അവസരം മാത്രം ഉപയോഗപ്പെടുത്തിയ സക്കറിയ കൂടുതൽ റൗണ്ടുകൾ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് വിസ്താര വേളയിൽ, ഭയം കാരണമാണ് പരേഡിൽ തിരിച്ചറിയാൻ കഴിയാത്തതെന്ന് സക്കറിയ വിശദീകരിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലൊന്നും ഇത്തരമൊരു മൊഴി നൽകിയിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തിരിച്ചറിയൽ പരേഡിന് ശേഷം പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപം വച്ച് ആക്രമിച്ചയാളെ കണ്ടിരുന്നുവെന്ന് സക്കറിയ സിബിഐ ഉദ്യോഗസ്ഥന് മൊഴി നൽകിയിരുന്നതായും, എന്നാൽ കണ്ടത് രണ്ടാം പ്രതിയായ ഗണേശനെയാണെന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ലെന്നും വിസ്താരത്തിൽ തെളിഞ്ഞു. കൂടാതെ പരേഡിന് ശേഷം പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതിയെ സക്കറിയയ്ക്ക് കാണിച്ചുകൊടുത്ത സാഹചര്യത്തിൽ, കോടതിയിൽ വച്ച് ആദ്യമായി നട
ത്തിയ തിരിച്ചറിയൽ വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.
രണ്ടാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തെങ്കിലും ആയുധം കണ്ടെടുത്തു എന്നതുകൊണ്ട് മാത്രം സംഭവത്തിലെ പങ്കാളിത്തം തെളിയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് കാണിച്ച ആയുധം മറ്റു രണ്ടു കത്തികളാണെന്ന 25ാം സാക്ഷിയുടെ ആദ്യ മൊഴിയും കോടതി പരിശോധിച്ചു. ഈ സാഹചര്യത്തിൽ രണ്ടാം പ്രതിയുടെ പങ്കാളിത്തത്തിൽ സംശയത്തിന് ഇടയുണ്ടെന്നും സംശയത്തിന്റെ ആനുകൂല്യം നൽകണമെന്നും വ്യക്തമാക്കിയ കോടതി ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
അതോടൊപ്പം, ജയരാജനെയും ടി.വി.രാജേഷിനെയും വെറുതെ വിടാനുള്ള കാരണങ്ങളും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രി മുറിയിൽ 28 മുതൽ 33 വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന വാദം സാധൂകരിക്കാൻ പ്രോസിക്യൂഷൻ വിസ്തരിച്ചത് 16ാം സാക്ഷിയായ ഒരു മാധ്യമ പ്രവർത്തകനെ മാത്രമാണ്. എന്നാൽ 28 മുതൽ 31 വരെയുള്ള പ്രതികൾ ആശുപത്രിയിൽ ഉണ്ടായിരുന്നതായി ഇയാൾ മൊഴി നൽകിയിട്ടില്ലെന്നും ആശുപത്രിയിൽ വെച്ച് ഗൂഢാലോചന നടന്നതായി അദ്ദേഹത്തിന്റെ മൊഴിയിൽ തെളിവുകളൊന്നുമില്ലെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷനും സിബിഐയും ചൂണ്ടിക്കാണിച്ച പല നിർണായക സാക്ഷികളെയും വിസ്തരിക്കാതെ ഒഴിവാക്കിയിരുന്നു എന്നും കോടതി പറയുന്നു. ജയരാജന്റെ ഗൺമാനായിരുന്ന പ്രമോദ്, ദിവാകരൻ, രാജേഷ്, മുകുന്ദൻ എന്നിവരെ പ്രോസിക്യൂഷൻ ഒഴിവാക്കുകയും 15ാം സാക്ഷി വാസുദേവൻ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ, വിദേശത്തായിരുന്ന കോടതി സാക്ഷികൾ പി.പി.അബു, മുഹമ്മദ് സാബിർ എന്നിവരെ ഹാജരാക്കാനും കഴിഞ്ഞില്ല. കൂടാതെ, ഗൂഢാലോചനയിൽ പങ്കാളികളെന്ന് ആരോപിക്കപ്പെട്ട 32, 33 പ്രതികളുടെ കോൾ ഡീറ്റെയിൽസ് റെക്കോർഡുകൾ (സിഡിആർ) ശേഖരിച്ച് ഹാജരാക്കാൻ പോലും പ്രോസിക്യൂഷൻ ശ്രമിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു
മറ്റ് പ്രതികളുടെ ഫോൺ രേഖകളിലും ശാസ്ത്രീയ തെളിവുകളിലും വന്ന വീഴ്ചകളും വിധിന്യായത്തിൽ എടുത്തുപറയുന്നുണ്ട്. 29, 30 പ്രതികൾ തമ്മിലുള്ള ഫോൺ വിളികൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് നേരിട്ടുള്ള തെളിവില്ലാത്തതിനാൽ ഉറപ്പിക്കാനാവില്ലെന്ന് കോടതി പറയുന്നു. 31ാം പ്രതിയുടേതെന്ന് പറഞ്ഞ ഫോൺ നമ്പർ 18ാം സാക്ഷി സന്തോഷിന്റെ പേരിലുള്ളതാണെന്നും അത് 31ാം പ്രതിയാണ് ഉപയോഗിച്ചതെന്ന് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. വിവരങ്ങളും ഫോട്ടോകളും കൈമാറിയെന്ന് ആരോപിക്കപ്പെടുന്ന 10, 11 പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിക്കാത്തതും ഇതിന് വിശദീകരണം നൽകാത്തതും ഗൂഢാലോചന തെളിയിക്കാൻ ലഭ്യമായ തെളിവുകൾ പര്യാപ്തമല്ലെന്ന നിഗമനത്തിലേക്ക് കോടതിയെ നയിക്കുകയായിരുന്നു.
അരിയിൽ ഷുക്കൂർ വധക്കേസിൽ സി.ബി.ഐ. കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, തങ്ങൾക്കെതിരായ ഗൂഢാലോചനാ ആരോപണം പൂർണ്ണമായും തകർന്നെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ പ്രഖ്യാപിച്ചു.. അന്നത്തെ യു.ഡി.എഫ്. സർക്കാരിന്റെയും ലീഗ്-കോൺഗ്രസ് നേതൃത്വത്തിന്റെയും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പോലീസും പിന്നീട് സി.ബി.ഐയും ചേർന്ന് കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു ഇതെന്ന് പി. ജയരാജൻ ആരോപിച്ചു.
"സംഭവം മാധ്യമങ്ങൾ തെറ്റായനിലയ്ക്ക് ചിത്രീകരിച്ചു. 2012 ഫെബ്രുവരി 19 മുതൽ അരിയിൽ പ്രദേശത്ത് ലീഗ് ഗുണ്ടകളുടെ ആക്രമണങ്ങൾ തുടർച്ചയായി നടക്കുകയായിരുന്നു. അവിടെ ലീഗിന്റെ ഒരുപറ്റം തീവ്രവാദികൾ വായനശാലകൾ, ക്ലബ്ബുകൾ, സിപിഎം പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുക, സിപിഎമ്മിന്റെ ഓഫീസുവരെ പച്ച പെയിന്റടിച്ച് വികൃതമാക്കുന്ന സാഹചര്യംവരെ ഉണ്ടായി. മറ്റിടങ്ങളിൽ കേൾക്കാത്ത തരത്തിലുള്ള അക്രമസംഭവങ്ങളാണ് അരിയിൽ പ്രദേശത്ത് നടത്തിയത്.
ആക്രമിക്കപ്പെട്ട വീടുകളും സാംസ്കാരിക സ്ഥാപനങ്ങളും കാണുന്നതിനുവേണ്ടിയാണ് അന്നത്തെ എം.എൽ.എ. ടി.വി. രാജേഷിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയ്ക്ക് അന്ന് അരിയിലിൽ പോയത്. അവിടെ 11.45-ഓടെ എത്തി. തൊട്ടടുത്ത് ലീഗിന്റെ ഓഫീസും അതിനടുത്ത് ഒരു പള്ളിയുമുണ്ട്. അവിടെവെച്ചാണ് അക്രമത്തിന്റെ ദൃശ്യങ്ങൾ കാണാൻ പോയ ഞങ്ങളുടെ വാഹനം ആക്രമിച്ചത്. വാഹനത്തിന് കേടുപാട് പറ്റി. ഞങ്ങൾക്കും മാധ്യമപ്രതിനിധികൾക്കും പരിക്കേറ്റു. അവിടെ നിന്ന് രക്ഷപ്പെട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് പോലീസിന്റെ സഹായത്തോടെ തളിപ്പറമ്പ് ആശുപത്രിയിൽ എത്തി ചികിത്സ തേടി.
ആശുപത്രിയിൽ ചികിത്സ തേടിയ സമയത്താണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. സിപിഎം പ്രവർത്തകരെയും സിപിഎം പ്രവർത്തനങ്ങളെയും അരിയിൽ പ്രദേശത്ത് അനുവദിക്കില്ല എന്നതാണ് ലീഗിന്റെ ഒരുപറ്റം തീവ്രവാദികൾ അവിടെ നടപ്പാക്കിയത്. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നുവരണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ അവിടെ സന്ദർശിച്ചത്. സന്ദർശിക്കാൻ പോലും ഞങ്ങളെ അനുവദിക്കില്ല എന്നതായിരുന്നു ലീഗിന്റെ ഹുങ്ക്. അത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അക്രമങ്ങൾ അരങ്ങേറിയത്. ഇതിന്റെ തുടർച്ചയായാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിലാണ് അന്വേഷണ ഏജൻസിയുടെ താല്പര്യം ഉണ്ടാകേണ്ടത്. എന്നാൽ അന്ന് ഭരിച്ചിരുന്നത് കോൺഗ്രസും ലീഗുമാണ്. അവരുടെ സമ്മർദ്ദത്തിന് വിധേയമായി പോലീസ് ഉദ്യോഗസ്ഥരെ പാവകളിപ്പിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനാ സിദ്ധാന്തം അവതരിപ്പിച്ചത്. ഐപിസിയിലെ 118-ാം വകുപ്പ് അതിനുമുമ്പ് ഒരു കേസിലും പ്രയോഗിച്ചിട്ടുണ്ടായിരുന്നില്ല. ഗൗരവകരമായ കുറ്റകൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന വകുപ്പായിരുന്നു ചുമത്തിയത്. ഇതിന് ലീഗുകാരായ രണ്ടുപേരെ സാക്ഷികളാക്കി. ആശുപത്രിയിൽ നൂറുകണക്കിന് ആളുകൾ വന്നിരുന്നു. മാധ്യമപ്രവർത്തകരും അവിടെ ഉണ്ടായിരുന്നു. അവിടെവെച്ച് ഗൂഢാലോചന നടത്തിയെന്ന കള്ളക്കേസാണ് ഉണ്ടാക്കിയത്.
സിപിഎമ്മിന് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സിപിഎമ്മിനെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതിനുവേണ്ടി എന്നെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കാരായി ചിത്രീകരിച്ച് പ്രചാരണം നടത്താൻ പോലീസുദ്യോഗസ്ഥരെ സജ്ജമാക്കിയത് കോൺഗ്രസും ലീഗും ഒരുപറ്റം നേതാക്കളും ആലോചിച്ചുകൊണ്ടാണ്.
https://www.facebook.com/Malayalivartha

























