ലഹരിവ്യാപനം നേരിടാന്‍ പ്രത്യേക നയം രൂപീകരിക്കുമെന്ന് സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലായിരിക്കും കേരള പൊലീസ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും ലഹരിവ്യാപനം നേരിടാന്‍ പ്രത്യേക നയം രൂപീകരിക്കുമെന്നും സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍. രാവിലെ പൊലീസ് ആസ്ഥാനത്തെത്തി ചുമതലയേറ്റതിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഏറ്റവും ഉപദ്രവമായി മാറുന്ന ഒരു കാര്യം ലഹരി ഉപയോഗമാണ്. അതിനെ നേരിടാന്‍ പ്രത്യേക നയം രൂപീകരിക്കും. ക്രമസമാധാനപാലനത്തിനും കേരള പൊലീസ് കൂടുതല്‍ ശ്രദ്ധ നല്‍കും. ആന്റി ഗുണ്ടാ സ്ക്വാഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും സമൂഹത്തില്‍ സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിന് പ്രാധാന്യം നല്കുന്നതുമാണ്.
സൈബര്‍ ആക്രമണങ്ങളെ നേരിടാന്‍ നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും. സമൂഹത്തില്‍ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ എത്താനും നീതി ലഭിക്കാനുമുതകുന്ന ശ്രമമുണ്ടാവും. കേരളത്തിലേയ്ക്ക് തിരിച്ചുവന്നതില്‍ സന്തോഷമുണ്ട്. സഹപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സഹായത്തോടെ പ്രവര്‍ത്തിക്കും'- റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി
അതേസമയം ഇന്ന് രാവിലെ ഏഴുമണിയോടെയാണ് റവാഡ എ. ചന്ദ്രശേഖര്‍ പൊലീസ് ആസ്ഥാനത്തെത്തി ചുമതലയേറ്റത്. ചടങ്ങില്‍ എഡിജിപി എച്ച് വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. ശേഷം ധീരസ്മൃതി ഭൂമിയിലെത്തി പുഷ്പച്ചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ഗാര്‍ഡ് ഒഫ് ഓണര്‍ സ്വീകരിച്ചു. രാവിലെ പത്തിന് കണ്ണൂരില്‍ മുഖ്യമന്ത്രി നടത്തുന്ന അവലോകന യോഗത്തില്‍ റവാഡ പങ്കെടുക്കും.
"
https://www.facebook.com/Malayalivartha

























