പുതിയ ബസുകള്‍ വരുമെന്ന് പറഞ്ഞു... വന്നു...

കെഎസ്ആര്‍ടിസിക്കു വേണ്ടി പുതുതായി വാങ്ങിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചു നോക്കി ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ചില നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍ തന്നെ ബാക്കി ബസുകള്‍ കൂടി എത്തുമെന്നും ഗണേഷ്‌കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ബസ് ഓടിക്കുന്നതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഒട്ടും വൈകാതെ സുഖയാത്ര ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. 'പുതിയ ബസുകള്‍ വരുമെന്ന് പറഞ്ഞു... വന്നു...' എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം, ബസിന്റെ ഡിസൈന്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കാലാനുസൃതമായ ഡിസൈനിന് പകരം പത്തുവര്‍ഷം പിന്നോട്ടടിക്കുന്ന തരത്തില്‍ മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബസുകളുടേതു പോലെ ആകര്‍ഷകമല്ലാത്ത ഡിസൈനും പെയിന്റിങുമാണ് പുതിയ ബസുകള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് കെഎസ്ആര്‍ടിസി അനുകൂല കൂട്ടായ്മകളിലെ അംഗങ്ങളുടെ ഉള്‍പ്പെടെ വിമര്‍ശനം.
ഓട്ടമൊബീല്‍ കോര്‍പറേഷന്‍ ഓഫ് ഗോവ ലിമിറ്റഡ് എന്ന ബസ് നിര്‍മാതാക്കളാണ് ടാറ്റയുടെ ഈ ബസിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. പുതിയ 143 ബസുകള്‍ വാങ്ങുന്നതിനായി കെഎസ്ആര്‍ടിസി അഡ്വാന്‍സ് നല്‍കിയത്. ടാറ്റ, അശോക് ലെയ്‌ലാന്‍ഡ്, ഐഷര്‍ കമ്പനികളില്‍ നിന്നാണ് ബസുകള്‍ വാങ്ങുന്നത്. ഇതില്‍ ആദ്യ ഘട്ടമായി എത്തുന്ന 80 ബസ്സുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്.
കൂടാതെ എട്ട് എസി സ്ലീപ്പറുകള്‍, 10 എസി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എസി സെമി സ്ലീപ്പറുകള്‍ എന്നിവയാണവ. ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. പുതിയ ബസുകള്‍ വാങ്ങാനായി 107 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 62 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha