ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്...

വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്.
നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്.
ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകന്‍ പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് മടങ്ങുകയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദര്‍ബാര്‍ ഹാളില്‍ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ പിന്നിട്ടാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്.
17 മണിക്കൂറില്‍ 104 കിലോമീറ്റര്‍ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നത്. വിഎസിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിലവിലെ രീതിയിലാണെങ്കില്‍ അതിനിയും മണിക്കൂറുകള്‍ വൈകുമെന്നാണ് പ്രതീക്ഷ.
വിഎസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടായിരിക്കും. എന്നാല്‍ നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്റെ സ്‌നേഹം താണ്ടിയാണ് വിഎസിന്റെ വിലാപയാത്ര കടന്ന് പോകുന്നത്. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് വൈകുന്നേരം സംസ്‌കാരചടങ്ങുകള്‍ നടക്കും.
"
https://www.facebook.com/Malayalivartha
























