കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കും; നികേഷിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

കണ്ണൂരിലെ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കും. ഐക്യജനാധിപത്യ സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം എടുത്തതെന്നറിയുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഭരണതുടര്‍ച്ച ആഗ്രഹിച്ച് രാഗേഷിനെ ഇടതുപക്ഷവും പിന്തുണയ്ക്കും.
കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 വീതം സീറ്റാണ് ലഭിച്ചത്. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷും ജയിച്ചിരുന്നു. മേയര്‍ തെരഞ്ഞെടുപ്പില്‍ രാഗേഷ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണച്ചതോടെ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കോട്ടകള്‍ തകര്‍ത്ത് കണ്ണൂര്‍ കോര്‍പറേഷനില്‍ ഉജ്വല കുതിപ്പ് നടത്തിയ എല്‍ഡിഎഫിന്റെ വിജയത്തിളക്കത്തിനു മാറ്റു കൂട്ടുന്ന മേയര്‍പദവി എന്ന ചരിത്രനേട്ടം ഇടതിനു സ്വന്തമാകുകയായിരുന്നു. ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍, അഴീക്കോട്ട് പി.കെ. രാഗേഷ് സ്ഥാനാര്‍ത്ഥിയാകുന്നതോടെ അഴിക്കോട് മത്സരിക്കാനുള്ള റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ചീഫ് എഡിറ്റര്‍ എംവി നികേഷ് കുമാറിന്റെ പ്രതീക്ഷകളാണ് അസ്തമിക്കുന്നത്.
കഴിഞ്ഞ തവണ അഴിക്കോട് ഇടതുപക്ഷം തോറ്റത് നേരിയ വോട്ടിനാണ്. എംവി രാഘവന്റെ പഴയ തട്ടകമായ അഴിക്കോട് സീറ്റ് ഈ സാഹചര്യത്തില്‍ ഇടതു പക്ഷത്തുള്ള സിഎംപിക്ക് നല്‍കി നികേഷിനെ മത്സരിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മറ്റി അതിനെതിരെ എതിര്‍പ്പുമായെത്തി. അപ്പോഴാണ് ചില തട്ടിപ്പ് കേസുകള്‍ നികേഷിന്റെ പേരില്‍ ആരോപിക്കപ്പെട്ടത്. അങ്ങനെയാണെങ്കിലും സിപിഐ(എം) സംസ്ഥാന നേതൃത്വം തന്നെ കൈവിടില്ലെന്നായിരുന്നു നികേഷ് പ്രതീക്ഷിച്ചിരുന്നത്. അപ്പോഴാണ് കണ്ണൂര്‍ ജില്ലാകമ്മറ്റി ടി വി രാജേഷിനെ അഴിക്കോട് മത്സരിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്. അപ്പോഴും മത്സരിക്കാന്‍ ചരടുവലികള്‍ നികേഷ് നടത്തിയിരുന്നു. എന്നാല്‍ പികെ രാഗേഷ് മത്സരിക്കാന്‍ തയ്യാറായതോടെ ഈ നീക്കവും പാളുകയാണ്.
രാഗേഷിന്റെ പിന്തുണയോടെ ഇടതുപക്ഷം പിടിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടമാകുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും ഇപ്പോള്‍ സിപിഎമ്മിന് കഴിയില്ല. കോര്‍പറേഷനില്‍ ഇടത്-വലത് പക്ഷങ്ങള്‍ തുല്യശക്തികളായതോടെ രാഗേഷിന്റെ വോട്ട് നിര്‍ണായകമായി. മേയര്‍ തെരഞ്ഞെടുപ്പിലും വിമതനീക്കം തുടര്‍ന്ന രാഗേഷിന്റെ സഹായത്തോടെ ഇടതുപക്ഷത്തെ ഇ.പി. ലത കണ്ണൂര്‍ കോര്‍പറേഷന്റെ പ്രഥമ മേയറായി. എന്നാല്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍നിന്ന് രാഗേഷ് വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ സി. സമീര്‍ ജയിച്ചു. ഇന്നലെ പി.കെ. രാഗേഷിന്റെ വീട്ടിലാണ് യോഗം നടന്നത്.
സ്വതന്ത്രനായി മത്സരരംഗത്തേക്ക് കടന്നുവരാനാണ് ഇപ്പോഴത്തെ തീരുമാനം. പിന്നീട് എല്‍.ഡി.എഫുമായി ആലോചിച്ച് പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും രാഗേഷ് മത്സരരംഗത്ത് ഉറച്ചുനില്‍ക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ട തകര്‍ത്ത മുസ്ലിംലീഗിലെ യുവനേതാവ് കെ.എം. ഷാജിയാണ് അഴീക്കോട്ട് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഐക്യജനാധിപത്യ സംരക്ഷണ സമിതി നീക്കം യു.ഡി.എഫിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പഞ്ഞിക്കൈയില്‍ വാര്‍ഡില്‍നിന്നാണ് രാഗേഷ് ജയിച്ചത്.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പായപ്പോഴേക്കും രാഗേഷിനെ അനുനയിപ്പിക്കാന്‍ യു.ഡി.എഫ് നേതൃത്വത്തിന് സാധിച്ചു. ഇതിന്റെ ഫലമായി സ്റ്റാന്റിങ് കമ്മിറ്റികളില്‍ യു.ഡി.എഫ് ശക്തമായ മേല്‍ക്കൈ നേടി. എന്നാല്‍, നല്‍കിയ ഉപാധികളില്‍ ഭൂരിഭാഗവും യു.ഡി.എഫ്, കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതോടെ രാഗേഷ് വീണ്ടും തെറ്റി. ഇതിനെ തുടര്‍ന്നാണ് അഴിക്കോട് മത്സരിക്കാനുള്ള തീരുമാനം. ഈ സാഹചര്യത്തില്‍ രാഗേഷിനെ പിന്തുണയ്ക്കാന്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.അതോടെ നികേഷിനെതിരെ എതിര്‍പ്പുമായെത്തിയ കണ്ണൂര്‍ ജില്ലാകമ്മറ്റി ആഗ്രഹിച്ചതുപോലെ നികേഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളും അവസാനിക്കും.
രാഗേഷ് സ്ഥാനാര്‍ത്ഥിയാകുന്നതോടെ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കും. അതുകൊണ്ട് തന്നെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിറുത്തിയാലും സിപിഎമ്മിന് വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കാനാകും. എന്നാല്‍ കോര്‍പ്പറേഷനില്‍ രാഗേഷ് പിന്തുണച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയത്തിലൂടെ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്ത് നിന്ന് സിപിഎമ്മിനെ പുറത്താക്കാന്‍ യുഡിഎഫിന് കഴിയും. ഇത് ഒഴിവാക്കാന്‍ രാഗേഷിനെ ഇടതുപക്ഷത്ത് പിടിച്ചു നിര്‍ത്താനാണ് സിപിഐ(എം) തീരുമാനം. ഇതു തന്നെയാണ് നികേഷിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha