മണിയെ ഒരു നോക്കു കണ്ടശേഷം കണ്ണടയ്ക്കണം; അമ്മമാരുടെ പൊന്നുമകന്‍ ഇനിയൊരിക്കലും മടങ്ങി വരില്ല

ആലപ്പുഴ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിമന്ദിരത്തിലെ അന്തേവാസികളായ ഇരുപതോളം അമ്മമാരെ എന്നന്നേക്കുമായി ഉപേക്ഷിച്ചു പോയ മകനെ ഓര്‍ത്ത് അവര്‍ ഇന്നലെ പൊട്ടിക്കരഞ്ഞു.
ലോക വൃദ്ധദിനത്തിലാണ് ശാന്തിമന്ദിരത്തിലെ അമ്മമാരുടെ ഒരേയൊരാഗ്രഹം കലാഭവന്‍ മണിയെ ഒരു നോക്കു കണ്ടശേഷം കണ്ണടയ്ക്കണം എന്നായിരുന്നു. നാടന്‍പാട്ടു പാടുകയും തമാശ പറയുകയും നിഷ്‌കളങ്കമായി പൊട്ടിക്കരയുകയും ചെയ്യുന്ന തനി നാടന്‍ പെരുമാറ്റമായിരുന്നു ഈ അമ്മമാരുടെ പ്രിയപ്പെട്ട മകനായി കലാഭവന്‍ മണിയെ മാറ്റിയത്. അമ്മമാരുടെ ആഗ്രഹം മനസ്സില്‍ സൂക്ഷിച്ച മണി നാലു മാസത്തിനു ശേഷം ശാന്തി മന്ദിരത്തിലെത്തി. ഒപ്പം അവര്‍ക്കു വയറു നിറയെ ഭക്ഷണവും ധരിക്കാനുള്ള വസ്ത്രങ്ങളും കരുതിയിരുന്നു. അമ്മമാരെച്ചേര്‍ത്തു പിടിച്ച് അവര്‍ ആഗ്രഹിച്ച പാട്ടുകള്‍ പാടിക്കൊടുത്തായിരുന്നു കലാഭവന്‍ മണി സ്‌നേഹം പങ്കുവച്ചത്. അപ്പോള്‍ മണിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഉമ്പായിക്കൊച്ചാണ്ട്യേ, പ്രാണന്‍ കത്തണുമ്മാ, പടല പൊട്ടിച്ച് പാപ്പംണ്ടാക്കണുമ്മ... എന്നു മണി പാടിയപ്പോള്‍ സരോജനിയമ്മയെന്ന അന്തേവാസിയുടെ കാഴ്ച വറ്റിയ കണ്ണുകള്‍ കണ്ണീരണിഞ്ഞു. പഠിക്കാന്‍ പോകാന്‍ നിവൃത്തിയില്ലാതെ അച്ഛന്റെ പാളത്തൊപ്പിവച്ച് മണി പാടത്തേക്കിറങ്ങിയ കഥകളെല്ലാം അമ്മമാര്‍ക്കറിയാം. ആരു കാണാനെത്തിയാലും അവര്‍ ഈ കഥകള്‍ പങ്കുവയ്ക്കുകയും ചെയ്യും. വെറുതേയിരിക്കുമ്പോഴും തനിച്ചായിപ്പോകുന്നുവെന്നു തോന്നുമ്പോഴുമെല്ലാം ഇവര്‍ പരസ്പരം പറഞ്ഞിരുന്നതു കലാഭവന്‍ മണിയുടെ കഥകളായിരുന്നു. അമ്മമാരുടെയെല്ലാം സ്‌നേഹവും ആശീര്‍വാദവും വാങ്ങി, വീണ്ടും വരാമെന്നുറപ്പു നല്‍കിയാണ് അന്നു കലാഭവന്‍ മണി ശാന്തിമന്ദിരത്തിന്റെ പടിയിറങ്ങിയത്. തങ്ങള്‍ക്കരികിലേക്ക് ഒരിക്കലും മടങ്ങി വരാത്ത പോക്കായിരുന്നു അത് എന്ന് അവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha