വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഇന്ന് ഗതാഗതമന്ത്രിയെ കാണും

ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം.... വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഇന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ കാണും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം 5 രൂപയാക്കണമെന്നാണ് ആവശ്യം. ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ തുടര്‍സമരവുമായി മുന്നോട്ടു പോകാനാണ് ബസുടമകള്‍ തീരുമാനിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ നേരത്തെ ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബസുടമകള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥി സംഘടനകളുമായും ഗതാഗത സെക്രട്ടറി ചര്‍ച്ച നടത്തി. എന്നാല്‍ ചാര്‍ജ് വര്‍ധനയെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ത്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ദീര്‍ഘ ദൂര പെര്‍മിറ്റുകളും ലിമിറ്റഡ് സ്റ്റോപ് പെര്‍മിറ്റുകളും യഥാസമയം പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ നേരത്തേ സൂചനാ പണിമുടക്ക് നടത്തിയിട്ടുണ്ടായിരുന്നു.
ജൂലായ് 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെത്തുടര്‍ന്ന് അത് മാറ്റിവച്ചിരുന്നു.
" f
https://www.facebook.com/Malayalivartha