മെഡിറ്ററേനിയന്‍ ഷിപ്പിങ് കപ്പനിയുടെ ഒരു കപ്പല്‍ കൂടി അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

കേരള തീരത്ത് അറബിക്കടലില്‍ എംഎസ്‌സി എല്‍സ 3 എന്ന ചരക്കു കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് മെഡിറ്ററേനിയന്‍ ഷിപ്പിങ് കപ്പനിയുടെ മറ്റൊരു കപ്പല്‍ കൂടി അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. നിലവില്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കുരമിട്ടിട്ടുള്ള എംഎസ്‌സി പലെര്‍മോ എന്ന കപ്പല്‍ അറസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് എസ്.ഈശ്വരന്റെ ഉത്തരവ്. മുങ്ങിയ കപ്പലിലെ അവശിഷ്ടങ്ങളില്‍ തട്ടി തങ്ങളുടെ വലകളും അനുബന്ധ മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു എന്നു കാട്ടി 4 ബോട്ടുടമകള്‍ നല്‍കിയ അഡ്മിറാലിറ്റി ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
കശുവണ്ടി വ്യാപാരികളും മറ്റും നല്‍കിയ സമാന ഹര്‍ജികളില്‍ 2 കപ്പലുകള്‍ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ കപ്പല്‍ അപകടത്തില്‍ 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. തോട്ടപ്പിള്ളി സ്പില്‍വേയില്‍ നിന്ന് 14.3 നോട്ടിക്കല്‍ മൈല്‍ അകലെയാണ് എംഎസ്‌സി എല്‍സ 3 കപ്പല്‍ മുങ്ങിക്കിടക്കുന്നത്. ഈ കപ്പലില്‍ നിന്നുള്ള കണ്ട്യെനറുകളും ചരക്കുകളും വെള്ളത്തില്‍ ഒഴുകി നടക്കുന്ന സ്ഥിതിയുണ്ടായിരുന്നു.
മത്സ്യബന്ധനത്തിന് പോയ തങ്ങളുടെ ബോട്ടിലെ വലയും വടവുമടക്കമുള്ള ഉപകരണങ്ങള്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നറില്‍ തട്ടി നശിച്ചു പോയെന്ന് ബോട്ടുടമകള്‍ പറയുന്നു. ഇതു സംബന്ധിച്ച് പൊലീസില്‍ അടക്കം പരാതി നല്‍കിയിട്ടുണ്ട്. വലയുടെയും അനുബന്ധ ഉപകരണങ്ങളുടെയും തുകയും മത്സ്യബന്ധനം മുടങ്ങിയതിലുള്ള നഷ്ടവും കോടതി ചിലവും അടക്കം 1.30 കോടി രൂപയാണ് നഷ്ടപരിഹാരമായി ബോട്ടുടമകകള്‍ കാണിച്ചിരിക്കുന്നത്.
അതിനിടെ, സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാവില്ലെന്ന നിലപാടില്‍ മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി നിലപാട് മാറ്റിയിട്ടില്ല. കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ല. അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. കപ്പലപകടം സംഭവിച്ചത് സംസ്ഥാനത്തിന്റെ സമുദ്ര അധികാര പരിധിക്ക് പുറത്താണ്, മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരം തുടങ്ങിയ കാര്യങ്ങളാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച കേസ് പിന്നീട് പരിഗണിക്കും.
https://www.facebook.com/Malayalivartha