ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ്ദീപിന് ഗതാഗത വകുപ്പിന്റെ നിയമലംഘന നോട്ടീസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ദീപിന് ലക്‌നൗവിലെ ആര്‍.ടി.ഒ ഓഫീസില്‍ നിന്നും നിയമലംഘന നോട്ടീസ്. ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് (എച്ച്.എസ്.ആര്‍.പി) ഇല്ലാതെ വാഹനമോടിച്ചെന്നും നിയമം ലംഘിച്ചെന്നുമാരോപിച്ചാണ് ആകാശ്ദീപിന് നോട്ടീസ് ലഭിച്ചത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ വാഹനം നിരത്തിലിറക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
14 ദിവസത്തിനകം വിശദീകരണം നല്‍കണം. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ വാഹനം കൈമാറിയതിന് ആകാശ്ദീപ് വാഹനം വാങ്ങിയ ഡീലര്‍മാര്‍ക്കും ഗതാഗത വകുപ്പ് നോട്ടീസ് ആയച്ചു. ഒരു മാസത്തെ സസ്‌പെന്‍ഷനാണ് ഇവര്‍ക്ക് കിട്ടിയത്. ഓഗസ്റ്റ് ഏഴിന് വാഹനം വിറ്റതായും എട്ടിന് ഇന്‍ഷുറന്‍സ് എടുത്തതായും രേഖയുണ്ട്. ഓഗസ്റ്റ് ഒന്‍പതിന് വാഹനത്തിന് ഫാന്‍സി നമ്പറും ലഭിച്ചു. എന്നാല്‍ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ബാക്കിയാണെന്നാണ് ഗതാഗതവകുപ്പിന്റെ വാദം. വാഹനങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരശേഖരണം നടത്തുന്നതിനുള്ള ഉപാധിയാണ് ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍. നിര്‍ദ്ദേശിക്കപ്പെട്ട അളവിലും ഫോണ്ടിലും നിറത്തിലുമായിരിക്കും എച്ച്.എസ്.ആര്‍.പി നമ്പര്‍ പ്ലേറ്റ്.
കഴിഞ്ഞ ദിവസമാണ് 62 ലക്ഷം രൂപയുടെ ടൊയോട്ട ഫോര്‍ച്യൂണര്‍ ആകാശ് ദീപ് സ്വന്തമാക്കിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി വാഹനം വാങ്ങുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'സ്വപ്നം യാഥാര്‍ഥ്യമായി. താക്കോല്‍ സ്വീകരിച്ചു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം' എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ചിത്രത്തിന് താഴെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളുടെ അഭിനന്ദനവുമെത്തിയിരുന്നു.
https://www.facebook.com/Malayalivartha