ശരീരം കാണിക്കുന്ന സൂചനകള്‍ തിരിച്ചറിയാനുള്ള മനസ്സ് കാണിക്കണമെന്നും അതു നാളെയാകാമെന്ന ചിന്ത ഉണ്ടാകരുത് ; നൊമ്പരക്കുറിപ്പുമായി നിയാസ് ബക്കര്‍

നടന്‍ കലാഭവന്‍ നവാസിന്റെ അകാല വേര്‍പാടിനെക്കുറിച്ച് മനസ്സു തുറന്ന് സഹോദരനും നടനുമായ നിയാസ് ബക്കര്‍. നവാസിന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇതുവരെ കുടുംബം മുക്തി നേടിയിട്ടില്ലെന്ന് നിയാസ് ബക്കര്‍ പറയുന്നു. എത്ര ആരോഗ്യവാന്മാരാണെന്ന് വിചാരിച്ചാലും ശരീരം കാണിക്കുന്ന സൂചനകള്‍ തിരിച്ചറിയാനുള്ള മനസ്സ് കാണിക്കണമെന്നും അതു നാളെയാകാമെന്ന ചിന്ത ഉണ്ടാകരുതെന്നും നിയാസ് കുറിച്ചു.
പൂര്‍ണ ആരോഗ്യവാനാണെന്ന ബോധ്യം കൊണ്ടായിരിക്കാം ശരീരം നല്‍കിയ സൂചനകളില്‍ നവാസ് ശ്രദ്ധക്കുറവ് കാണിച്ചതെന്നും നിയാസ് പറയുന്നു. അനുജന്റെ വേര്‍പാടില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് നിയാസ് ബക്കറിന്റെ കുറിപ്പ് അവസാനിക്കുന്നത്.
നിയാസ് ബക്കറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
എന്റെ അനുജന്‍ നവാസിന്റെ മരണത്തെ തുടര്‍ന്ന് ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞങ്ങള്‍ കുടുംബം. ഇപ്പോഴും അതില്‍ നിന്ന് മുക്തി ലഭിച്ചിട്ടില്ലെങ്കിലും മരണമെന്ന സത്യത്തെ നമുക്ക് അംഗീകരിച്ചല്ലേ പറ്റൂ... ഇപ്പോഴെങ്കിലും ഒരു കുറിപ്പെഴുതാന്‍ കഴിയുന്നത് അതുകൊണ്ടാണ്.
മരണം അതിന്റെ സമയവും സന്ദര്‍ഭവും സ്ഥലവും കാലം നിര്‍ണ്ണയിക്കപ്പെട്ട ഒന്നാണ് എന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ആ വിശ്വാസമാണ് എന്റെ ആശ്വാസവും. അതുകൊണ്ട് തന്നെ അവന്റെ മരണം എന്നേ കുറേക്കൂടി ശക്തനാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത്രേ ഉള്ളൂ ജീവിതം എന്ന യാഥാര്‍ഥ്യം ഞാന്‍ കുറേക്കൂടി ആഴത്തിലറിയുന്നു. എങ്കിലും എന്റെ പ്രിയപ്പെട്ടവരോടായി എനിക്കൊരു കാര്യം പറയാനുള്ളത് നമ്മള്‍ എത്ര ആരോഗ്യവാനാണെങ്കിലും നമ്മുടെ ശരീരം അസ്വസ്ഥതയുടെ ഒരു സൂചന കാണിച്ചാല്‍ അതെന്താണെന്ന് അറിഞ്ഞിരിക്കാനുള്ള മനസ്സെങ്കിലും നമ്മള്‍ കാണിക്കണം.
അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്. എന്റെ നവാസ് പൂര്‍ണ്ണ ആരോഗ്യവനാണ് എന്നാണ് എനിക്കറിവുള്ളത്. അവന്റെ ബോധ്യവും അതുതന്നെയായിരിക്കണം. അവന്റെ കാര്യത്തില്‍ സൂചനകളുണ്ടായിട്ടും അവനല്പം ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം. മരണം നിയന്താവിന്റെ തീരുമാനമാണെങ്കിലും. ശ്രദ്ധിച്ചാല്‍ രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാമല്ലോ...? കൂടുതലായി ഒന്നും പറയാനില്ല. എല്ലാവര്‍ക്കും ആരോഗ്യപൂര്‍ണ്ണമായ ഒരു നല്ല ജീവിതവും നന്മയും ഉണ്ടാകട്ടെ എന്ന് മനസ്സ് നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു.
എന്റെ അനുജന്റെ വേര്‍പാടില്‍ ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളെ ആശ്വസിപ്പിക്കാനെത്തിയ മത രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തുള്ള ബഹുമാന്യ വ്യക്തിത്വങ്ങള്‍ക്കും നവാസിന്റെ മക്കള്‍ പഠിക്കുന്ന വിദ്യോതയ സ്‌കൂളില്‍ നിന്നും ആലുവ യു.സി കോളജില്‍ നിന്നും മക്കളെയും ഞങ്ങളെയും ആശ്വസിപ്പിക്കാനെത്തിയ കുഞ്ഞുമക്കള്‍ക്കും അദ്ധ്യാപകര്‍ക്കും അന്നേ ദിവസം മയ്യത്ത് കുളിപ്പിക്കുന്നതിനും മറ്റു സഹായങ്ങള്‍ക്കുമായി ഞങ്ങള്‍ക്കൊപ്പം നിന്ന മുഴുവന്‍ സഹോദരങ്ങള്‍ക്കും പള്ളികമ്മറ്റികള്‍ക്കും. ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും കുടുബംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ദൂരേ പലയിടങ്ങളില്‍നിന്നുമെത്തിയ ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സര്‍വ്വോപരി അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുഴുവന്‍ സഹോദരങ്ങള്‍ക്കും എന്റെ നിറഞ്ഞ സ്‌നേഹം.
ഓഗസ്റ്റ് ഒന്നിനാണ് ചോറ്റാനിക്കരയിലെ ഒരു ഹോട്ടലില്‍ നവാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുകയായിരുന്നു അദ്ദേഹം. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന് മുന്‍പും ഹൃദയാഘാതമുണ്ടായതായും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനില്‍ ചേര്‍ന്നതോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. നാട്ടിലും വിദേശത്തും സ്‌റ്റേജ് ഷോകളിലൂടെ പേരെടുത്ത നവാസ് സഹോദരന്‍ നിയാസ് ബക്കറിനൊപ്പം കൊച്ചിന്‍ ആര്‍ട്‌സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.
1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും നായകനും സഹനടനുമായി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയര്‍ കരടി, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha