സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി....

സ്വാതന്ത്ര്യ ദിനത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി. രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ചതിനാല്‍ കുഞ്ഞിന് 'സ്വതന്ത്ര' എന്നാണ് പേരിട്ടിരിക്കുന്നത്.
തിരുവനന്തപുരത്ത് ഈ വര്‍ഷം ലഭിക്കുന്ന ഒമ്പതാമത്തെ കുഞ്ഞാണ് സ്വാതന്ത്ര.ഏകദേശം ഒരാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ലഭിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.
ആലപ്പുഴയില്‍ ലഭിച്ച നാലുകുട്ടികള്‍ ഉള്‍പ്പെടെ, 13 കുഞ്ഞുങ്ങളെയാണ് ശിശുക്ഷേമ സമിതിയ്ക്ക് ഈ വര്‍ഷം പരിചരണയ്ക്കായി ലഭിച്ചത്. ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിച്ചത് തിരുവനന്തപുരത്താണ്.
2.8 കിലോ തൂക്കം വരുന്ന കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധന നടത്തി. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കുട്ടിയുടെ ദത്തെടുക്കല്‍ നടപടി ആരംഭിക്കേണ്ടതിനാല്‍ കുഞ്ഞിന്റെ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ രണ്ട് മാസത്തിനകം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha