കേരള ആയുഷ് കായകല്പ് അവാര്‍ഡ്: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

കേരളത്തിലെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ആരോഗ്യ രംഗത്ത് പുത്തന്‍ മാതൃക സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച പ്രഥമ കേരള ആയുഷ് കായകല്പ് അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 29ന് രാവിലെ 10.30 മണിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച 132 ആയുഷ് സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. ആകെ ഒരു കോടി രൂപയുടെ പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യുന്നത്.
സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്. ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി എന്നീ വകുപ്പുകളില്‍ ജില്ലാ ആശുപത്രി, സബ് ജില്ലാ ആശുപത്രി, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയുമാണ് അവാര്‍ഡ്.
ഒന്നര ലക്ഷം രൂപ വീതമാണ് കമന്‍ഡേഷന്‍ അവാര്‍ഡ്. സബ് ജില്ലാ ആശുപത്രി തലത്തില്‍ ഒന്നാം സ്ഥാനം അഞ്ചു ലക്ഷം രൂപയും രണ്ടാം സ്ഥാനം മൂന്നു ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപ വീതമാണ് കമന്‍ഡേഷന്‍ അവാര്‍ഡ്. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് ജില്ലാതലത്തില്‍ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും കമന്‍ഡേഷനായി 30,000 രൂപ വീതവും നല്‍കുന്നു.
കേരളത്തിലെ ആയുര്‍വേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍, സബ് ജില്ലാ ആയുഷ് ആശുപത്രികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എ.എച്ച്.ഡബ്ല്യൂ.സി.) എന്നിവയില്‍ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആയുഷ് കായകല്പ് അവാര്‍ഡ് നല്‍കുന്നത്. കേരള സര്‍ക്കാരിന്റെ ഇടപെടലുകള്‍ സംസ്ഥാനത്തെ ആയുഷ് മേഖലയെ ശാക്തീകരിച്ച് രാജ്യത്തിന് മാതൃകയായി മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha