മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല...!ഷാജൻ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ..

മറുനാടൻ മലയാളി ചീഫ് എഡിറ്ററും ഉടമയുമായ ഷാജൻ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൺ ലൈൻ മീഡിയ (ഇന്ത്യ) രംഗത്ത്.
ഈ സംഭവം അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണെന്നും മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ലന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ മുൻ ജനറൽ സെക്രട്ടറി കൂടിയായ ഷാജൻ സ്കറിയ നിലവിൽ സംഘടനയുടെ എക്സിക്യുട്ടീവ് അംഗം കൂടിയാണ്. ഷാജൻ സ്കറിയക്ക് നേരെ നടന്ന അക്രമത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് കോം ഇന്ത്യ പ്രസിഡൻ്റ് സാജ് കുര്യനും ജനൽ സെക്രട്ടറി കെ.കെ ശ്രീജിതും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തിന് നേരെയുള്ള കടന്നാക്രമണമായെ സംഭവത്തെ കാണാൻ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് ഇടുക്കിയിൽ വെച്ചാണ് ഒരു സംഘത്തിൻ്റെ മർദനമേറ്റത്. മങ്ങാട്ട് കവലയിൽ വെച്ച് വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആസൂത്രിതമായി മർദിക്കുകയായിരുന്നു. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴി മങ്ങാട്ട് കവലയിൽ ആണ് സംഭവം. പരിക്കേറ്റ ഷാജൻ സ്കറിയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിലെത്തിച്ചത്. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്.
https://www.facebook.com/Malayalivartha