സെപ്റ്റംബർ നാലിന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് മഴ ശക്തമാകും...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സെപ്റ്റംബർ നാലിന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ പ്രവചനമുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. സെപ്റ്റംബർ നാലിനാണ് ഉത്രാടം.
ഇതിന്റെ പിന്നാലെയുള്ള തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു. പ്രവചനം ശക്തമായാൽ ഇക്കുറി ഓണം വെള്ളത്തിലാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും 31 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha