എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ദമ്പതികളുടെ ചോദ്യം; പുഴയിലേയ്ക്ക് ചാടി യുവതി... മൃതദേഹം കണ്ടെത്തി

കൂട്ടിലങ്ങാടി പാലത്തിൽനിന്നു പുഴയിലേക്കു ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. പരുവമണ്ണ തൂക്കുപാലത്തിനു താഴെ പമ്പ് ഹൗസിന്റെ സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. മലപ്പുറം ഡിപിഒ റോഡിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെരുവള്ളൂർ ഒളകര ഏനാവൂർ കളരിക്കൽ മധുസൂദനന്റെ മകൾ ദേവനന്ദയുടേതാണ് (21) മൃതദേഹമെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. മലപ്പുറം പൊലീസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും നാട്ടുകാരും വെള്ളിയാഴ്ച രാത്രിതന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴകാരണം പുഴയിൽ അടിയൊഴുക്ക് കൂടുതലായിരുന്നു.
വെള്ളിയാഴ്ച രാത്രി 9ന് ആണ് യുവതി പാലത്തിൽനിന്നു കടലുണ്ടിപ്പുഴയിലേക്കു ചാടിയത്. അതുവഴി കടന്നുപോയ ബൈക്ക് യാത്രികൻ, പാലത്തിന്റെ കൈവരിയിൽ ദേവനന്ദ ഇരിക്കുന്നതു കണ്ടിരുന്നു. എന്താണ് ഇവിടെ ഇരിക്കുന്നതെന്നു ചോദിച്ചപ്പോഴേക്കും യുവതി പുഴയിലേക്കു ചാടി. അർധരാത്രി 12.30ന് അവസാനിപ്പിച്ച തിരച്ചിൽ ശനിയാഴ്ച രാവിലെ 7ന് പുനരാരംഭിച്ചു. കൂട്ടിലങ്ങാടി പാലത്തിന് 500 മീറ്റർ അകലെ പുഴയുടെ അരികിൽ കുറ്റിച്ചെടിയിൽ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. നിലമ്പൂരിലെ ഒരു സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു. മാതാവ് ബിന്ദു. സഹോദരങ്ങൾ: ദേവാംഗന, ദേവരാഗ്.
https://www.facebook.com/Malayalivartha