ചെന്നൈ വിമാനത്താവളത്തില്‍ 60 കോടി രൂപയുടെ കൊക്കെയ്‌നുമായി രണ്ടുപേര്‍ പിടിയില്‍

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 5.618 കിലോഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍.സി.ബി) എയര്‍ ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് കൊക്കെയ്ന്‍ പിടികൂടിയത്. രാജ്യാന്തര വിപണിയില്‍ ഇതിന് 60 കോടിയോളം വിലവരും. ആഡിസ് അബാബയില്‍ നിന്നുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഈ ചരക്ക് കൊണ്ടുവന്നത്.
കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചതിന് ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ സ്വദേശിയായ 25കാരനും ഹിമാചല്‍ പ്രദേശിലെ ചമ്പ സ്വദേശി 26കാരനുമാണ് അറസ്റ്റിലായത്. പ്രതികള്‍ ഇരുവരും ലഗേജില്‍ ഒളിപ്പിച്ചാണ് നിരോധിത കൊക്കെയ്ന്‍ കടത്തിയത്. പിടിച്ചെടുത്ത കൊക്കെയ്ന്‍ ഉയര്‍ന്ന ഗ്രേഡിലുള്ളതാണെന്നും ഇത് ഒരു ഗ്രാം വീതമുള്ള പാക്കറ്റുകളിലാക്കി വില്‍ക്കുന്നുണ്ടെന്നും എന്‍.സി.ബി പറഞ്ഞു.
ഇന്ത്യയില്‍, ഗ്രാമിന് 8,000 മുതല്‍ 12,000 രൂപ വരെയാണ് ഇതിന്റെ വില, മായം ചേര്‍ക്കലിന്റെ അളവിനെ ആശ്രയിച്ച് വിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം.
https://www.facebook.com/Malayalivartha