ആഗോള അയ്യപ്പ സംഗമം തടയാൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; 1.85 കോടി രൂപ ചെലവിൽ സംഗമത്തിന്റെ പന്തലിന്റെ പണി തകൃതി ; യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ല

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് ഡോ. പി എസ്. മഹേന്ദ്രകുമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. സെപ്തംബർ 20, ശനിയാഴ്ച നടക്കുന്ന പരിപാടിക്ക് മുൻപ് തന്നെ വാദം കേൾക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തി സർക്കാർ നടത്തുന്ന രാഷ്‌ട്രീയ പരിപാടിയാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരിപാടിക്ക് അനുമതി നൽകിയാൽ ഭാവിയിൽ മത സംഗമങ്ങളുടെ പേരിലും രാഷ്‌ട്രീയ പരിപാടി നടത്തും. കൂടാതെ പരിസ്ഥിതി ലോല പ്രദേശമായ പമ്പയിൽ തകൃതിയായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പല മുൻകാല കോടതി ഉത്തരവുകളുടെയും നഗ്നമായ ലംഘനമാണ്. ദേവസ്വം ബോർഡിന്റെ പണം ദേവന്റെ പണമാണ്. ഈ പണം ഉപയോഗിച്ച് സംഗമമോ രാഷ്‌ട്രീയ പരിപാടിയോ നടത്താനാകില്ലെന്നതടക്കം അതീവ ഗൗരവകരമായ വിഷയങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ ഇത് ഒന്നും വകവയ്ക്കാതെ ശനിയാഴ്ച പമ്പയിൽ നടക്കുന്ന അയ്യപ്പസംഗമത്തിനായി 3000 പേർക്കിരിക്കാവുന്ന പന്തലിന്റെ പണി അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. 38,500 ചതുരശ്ര അടിയിലുള്ളതാണിത്. .1.85 കോടി രൂപ ചെലവിൽ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് പന്തൽ നിർമാണം നടക്കുന്നത്. പമ്പാ മണപ്പുറത്തെ പ്രധാന പന്തലിന്റെ മേൽക്കൂരയുടെ പണികൾ തീരാറായി. ഇനിയും തറയുടെയും വശങ്ങളുടെയും പണികൾ തീരാനുണ്ട്. അതിനു പുറമേ സ്റ്റേജ്, മൈക്ക് തുടങ്ങിയവയുടെ പണികളും നടക്കുന്നു. ഗ്രീൻ റൂം, മീഡിയ റൂം വിഐപി ലോഞ്ച് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിൽടോപ്പിലാണ് പ്രതിനിധികൾക്കുള്ള ഭക്ഷണസൗകര്യം. സെമിനാറും ഇവിടെ നടക്കും. ഇവിടെ 500 പേർക്ക് ഇരിക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനാണു ക്രമീകരണങ്ങളുടെ ചുമതല. ഇതിന്റെ പണികൾ പൂർത്തിയാക്കി നാളെ സമർപ്പിക്കാനാണ് തീരുമാനം
പമ്പാ മണപ്പുറവും നദിയും പൂർണമായും വൃത്തിയാക്കിയിട്ടുണ്ട്. പമ്പയിൽ അടിഞ്ഞുകൂടിക്കിടന്ന മാലിന്യം നീക്കി. പമ്പയിലെ ശൗചാലയങ്ങൾക്ക് പിന്നിലൂടെയുള്ള സർവീസ് റോഡും പുതുക്കി. ചാലക്കയം-പമ്പ റോഡിലെ കുഴികൾ അടയ്ക്കുന്ന ജോലികളും പൂർത്തിയായി. ഇതിന് പുറമെ അയ്യപ്പ സംഗമത്തിനുള്ള പ്രതിനിധികളെ തീരുമാനിക്കാൻ സ്‌ക്രീനിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ 5000 പിന്നിട്ടതോടെയാണ് സ്‌ക്രീനിങ് നടത്തി ഡെലിഗേറ്റുകളെ തിരഞ്ഞെടുക്കാൻ നീക്കം തുടങ്ങിയത്. 3000 ഡെലിഗേറ്റുകളെയാണ് പങ്കെടുപ്പിക്കുക.
ആഗോള അയ്യപ്പ സംഗമത്തിനു മുൻപ് യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കില്ല. ശബരിമല ആചാര സംരക്ഷണത്തിനായി നടത്തിയ പ്രക്ഷോഭങ്ങളുടെ കേസുകൾ പിൻവലിക്കണമെന്നാണു പന്തളം കൊട്ടാരം ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ മുന്നോട്ടുവച്ച പ്രധാന ആവശ്യം. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് 20ന് ആണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. ഇതിനു ബദലായി ശബരിമല കർമസമിതി 22ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തുന്നതിനാൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകളും ആചാരവും ചർച്ചയാക്കേണ്ടതില്ലെന്നാണു സർക്കാരിന്റെ നിലപാട്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ കേസിൽ സത്യവാങ്മൂലം പുതുക്കി നൽകുമെന്നു ദേവസ്വം ബോർഡിന്റെ പ്രഖ്യാപനത്തിൽ സർക്കാരിന് അതൃപ്തിയുണ്ട്.
https://www.facebook.com/Malayalivartha