സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി

പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡി മര്‍ദ്ദനവും കൊലപാതങ്ങളും നടക്കുന്നത് അവിടത്തെ സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കുന്ന പശ്ചാത്തലത്തിലായതിനാല്‍ എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാനായി നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി. സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുകയാണ് ലക്ഷ്യമിടുന്നത്.
കേരളത്തിലടക്കം കസ്റ്റഡി മര്‍ദ്ദനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നതിനാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായി. ഇതിനിടെയാണ് ,രാജ്യത്തെ പല പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാത്തതിലും പലതും പ്രവര്‍ത്തനക്ഷമമല്ലാത്തതിലും സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്.
മനുഷ്യന്റെ ഇടപെടലില്ലാതെ, നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മാത്രം നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ റൂമായിരിക്കണം ദൃശ്യങ്ങള്‍ നിരീക്ഷിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സെപ്തംബര്‍ 26ന് വിധി പറയും. സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സത്യവാങ്മൂലം നല്‍കുമെങ്കിലും , പിറ്റേന്ന് അതേ ഉദ്യോഗസ്ഥര്‍ ക്യാമറകള്‍ സ്വിച്ച് ഓഫ് ചെയ്യുമെന്ന് കോടതി പരാമര്‍ശിക്കുകയും ചെയ്തു. ക്യാമറകള്‍ ഏതെങ്കിലും സ്റ്റേഷനില്‍ ഓഫായാല്‍ അത് എ.ഐയുടെ ശ്രദ്ധയില്‍പ്പെടുന്നതോടെ അടുത്ത നടപടിക്ക് കഴിയും.
"
https://www.facebook.com/Malayalivartha