ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം

അന്തരിച്ച സഭാ അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്ന ദിനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത്. അതിനാല്‍ തന്നെ സഭയ്ക്കുള്ളില്‍ പ്രതിഷേധം വന്നില്ല. ഇന്ന് അങ്ങനെയായിരിക്കില്ല. അതിനാല്‍ തന്നെ ഇന്ന് രാഹുല്‍ വരാനുള്ള സാധ്യത കുറവാണ്.
ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു നേതാവിനെയും കാണാന്‍ ശ്രമിച്ചിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പുറത്തുവന്ന ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ പ്രതികരിച്ചില്ല. ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയാനില്ല. അന്വേഷണം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. മരിക്കും വരെ കോണ്‍ഗ്രസായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളിയാണ് രാഹുല്‍ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകും. രാഹുല്‍ ശനിയാഴ്ച പാലക്കാട് എത്തും. പൊതുപരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. വരും ദിവസങ്ങളിലും രാഹുല്‍ നിയമസഭയിലെത്തും.ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് രാഹുല്‍ എത്തിയത്. വരും ദിവസങ്ങളിലും രാഹുല്‍ സഭയിലെത്താന്‍ തീരുമാനിച്ചതിനാല്‍ സഭാ സമ്മേളന കാലമാകെ പ്രതിപക്ഷ നിര കടുത്ത പ്രതിരോധത്തിലാകും.
എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് തിരിച്ചുപോകുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. എംഎല്‍എ ഹോസ്റ്റലിന് സമീപത്ത് വെച്ചാണ് സംഭവം. ഏറെ നേരം പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധിക്കുമ്പോഴും രാഹുല്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്നും അക്രമിക്കാന്‍ വന്നതല്ലെന്നും പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.
ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ രാവിലെയാണ് നിയമസഭയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം പി.വി.അന്‍വറിനു നല്‍കിയ സീറ്റാണ് ഇപ്പോള്‍ രാഹുലിന് നല്‍കിയിരിക്കുന്നത്. സഭയില്‍ യുഡിഎഫ് ബ്ലോക്ക് തീര്‍ന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. പുറകിലെ നിരയായതിനാല്‍ രാഹുല്‍ ഒറ്റയ്ക്കാണ് ഇരിക്കേണ്ടത്.
സ്വന്തം തീരുമാനപ്രകാരമാണു രാഹുല്‍ നിയമസഭയിലെത്തിയത്. നിയമസഭയില്‍ വരരുതെന്ന് രാഹുലിനോട് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നില്ല. സഭയില്‍ വരുന്നതിന് രാഹുലിന് നിയമപരമായ തടസ്സവുമില്ല. 9.20നാണ് രാഹുല്‍ സഭയിലെത്തിയത്. അടൂരിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. എല്ലാ ദിവസവും സഭയിലെത്താനാണ് രാഹുലിന്റെ തീരുമാനം. ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തും.
ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുല്‍. പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. മണ്ഡലവും സന്ദര്‍ശിച്ചിട്ടില്ല. ചില നേതാക്കളുമായി കൂടിയാലോചനയ്ക്കുശേഷമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു.
നിയമസഭാ സമ്മേളനത്തിന് ഇന്നലെ തുടക്കമായെങ്കിലും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി.പി.തങ്കച്ചന്‍, പീരുമേട് നിയമസഭാംഗമായ വാഴൂര്‍ സോമന്‍ എന്നിവര്‍ക്കുള്ള ചരമോപചാരം മാത്രമാണ് ഇന്നത്തെ നടപടി. ഇന്നു മുതല്‍ 19 വരെ, 29, 30, ഒക്ടോബര്‍ 6 മുതല്‍ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക.
നേതൃത്വം വിലക്കിയെന്ന വാര്‍ത്തകള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനുള്‍പ്പെടെ ഇടപെട്ട് വിലക്കിയെന്ന മാധ്യമവാര്‍ത്തകള്‍ക്കിടെ അത് ധിക്കരിച്ചാണ് രാഹുല്‍ എത്തിയത്. രാഹുലിന് അനുകൂലമായാണ് കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ചില നാടകങ്ങള്‍ പൊളിയുന്നതും ഗ്രൂപ്പുപോരും കോണ്‍ഗ്രസിനെ വശംകെടുത്തുകയാണ്. രാഹുലിന് എന്ത് വിലക്കാണുള്ളതെന്നാണ് അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് ചോദിച്ചത്. സഭയില്‍ രാഹുലിന് സ്പീക്കര്‍ സംരക്ഷണം നല്‍കണമെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. ആരുടേയും പിന്തുണയില്ലാതെ രാഹുലിനെ പോലൊരു ജൂനിയര്‍ നേതൃത്വത്തെ ധിക്കരിക്കുമോ എന്ന ചോദ്യവും പ്രസക്തം. സൈബര്‍ ആക്രമണം കടുത്ത സാഹചര്യത്തില്‍ സതീശന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. തനിക്കെതിരെ ആക്രമണമുയര്‍ന്നിട്ടും ആരും പ്രതികരിച്ചില്ലെന്ന് സതീശന്‍ പറഞ്ഞിരുന്നു. ഇതന്വേഷിക്കാന്‍ കെപിസിസി അന്വേഷണ സമിതിയെ വച്ചു.
അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതാകട്ടെ, കോണ്‍ഗ്രസ് സമൂഹമാധ്യമ ചുമതലക്കാരനായ വി ടി ബലറാമും. കോണ്‍ഗ്രസില്‍ സതീശനെതിരെ രൂപപ്പെടുന്ന പുതിയ കൂട്ടായ്മയുടെ ഭാഗമാണിത്. നാലായിരം കോണ്‍ഗ്രസ് അക്കൗണ്ടുകളില്‍നിന്നായുള്ള സൈബര്‍ ആക്രമണത്തിനുപിന്നില്‍ മൂന്നുപേരാണ് എന്നാണ് സതീശന്റെ പരാതി. ഇവരെ കണ്ടെത്താനോ സൈബര്‍ ആക്രമണം തടയാനോ തയ്യാറായിട്ടില്ല.
ഉന്നതരായ ചില നേതാക്കളുടെ മൗനാനുവാദത്തോടെയാണ് ഷാഫി, രാഹുല്‍ സംഘത്തിന്റെ സെബര്‍ സേന നടത്തുന്ന ആക്രമണം. രാഹുലിന് എതിരായി തെളിവുകള്‍ സഹിതം പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് സതീശന്‍ അനങ്ങിയില്ലെന്ന ചോദ്യമാണ് ഉയരുന്നത്. ഐഎഎസ് ഉദ്യോഗസ്ഥയുടെ അടക്കം പരാതികള്‍ അതിലുണ്ടെന്നാണ് വാര്‍ത്തകള്‍. നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലാകും.
ലൈംഗികപീഡന, നിര്‍ബന്ധിത ഗര്‍ഭഛിദ്ര പരാതികളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍. പീഡന പരാതികളടക്കമുള്ള കേസുകളെക്കുറിച്ചോ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ചോയുള്ള ചോദ്യങ്ങളോടൊന്നും പ്രതികരിച്ചില്ല. മുതിര്‍ന്ന നേതാക്കളെ വെല്ലുവിളിച്ച് സഭയിലെത്തിയ രാഹുല്‍ പിന്നീട് തന്റെ വാദം ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണ് മാധ്യമങ്ങളെ കണ്ടത്. ഒരു കാലത്തും കോണ്‍ഗ്രസ് നേതൃത്വത്തെ ധിക്കരിച്ചിട്ടില്ലെന്നും സസ്പെന്‍ഷനിലിരിക്കുമ്പോള്‍ നേതാക്കളെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍ ഏതെങ്കിലും നേതാക്കള്‍ നിയമസഭയില്‍ വരരുതെന്ന് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയില്ല. ആരോപണത്തെപ്പറ്റി പറയാനുള്ളതൊക്കെ വിശദീകരിച്ചിട്ടുണ്ടെന്നും മുങ്ങിനടക്കുന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും രാഹുല്‍ പറഞ്ഞു. പുറത്തുവന്ന ശബ്ദം താങ്കളുടേതാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും രാഹുല്‍ പ്രതികരിച്ചില്ല.
കോണ്‍ഗ്രസിന്റെ സംരക്ഷണവും പിന്തുണയുമുള്ളതിനാലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ എത്താനായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അതിക്രമത്തിനിരയായ യുവതികള്‍ അനുഭവിച്ച മാനസിക പ്രയാസം അറിയുമായിരുന്നു എങ്കില്‍ കോണ്‍ഗ്രസ് രാഹുലിന് അനുകൂലമായ സമീപനം സ്വീകരിക്കില്ലായിരുന്നു- മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഹുല്‍ സഭയില്‍ വരണോ വേണ്ടയോ എന്നു തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റു സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടിയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയുംചെയ്തത് ആരോപണങ്ങളില്‍ കഴമ്പുള്ളതിനാലാണല്ലോ. ദിവസവും പുതിയ പുതിയ ആരോപണങ്ങള്‍ വരികയാണ്. കോണ്‍ഗ്രസിന്റെ ജീര്‍ണമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹികമാധ്യമങ്ങളില്‍ പോര്. രാഹുല്‍ സഭയിലെത്തിയതോടെ പോസ്റ്റുകളില്‍ പലതും നേതാക്കള്‍ക്കെതിരേയായി. ഇതിനെതിരേ മറ്റൊരു വിഭാഗംകൂടിയെത്തി.
രാഹുലിന്റെ വരവ് ജനകീയപോരാട്ടത്തിന്റെ വിജയമാണെന്ന രാഹുല്‍ ഈശ്വറിന്റെ അഭിപ്രായത്തെ ആഘോഷിച്ചും എതിര്‍ത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ രംഗത്തെത്തി. രണ്ടു കേസുപോലുമില്ലാതെ ഒരാളെ തകര്‍ക്കാമെന്ന ചിലരുടെ അജന്‍ഡയ്ക്ക് ശക്തമായ തിരിച്ചടിയാണുണ്ടായതെന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെട്ടത്. ഇടതുപക്ഷത്തുള്ള ചില അംഗങ്ങളുടെ പേരുകള്‍ ചൂണ്ടിക്കാട്ടി അവര്‍ക്ക് കേറാമെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും നിയമസഭയിലെത്താമെന്നും ചിലര്‍ വാദിച്ചു.
രാഹുലിനെതിരേ കേസുണ്ടെങ്കില്‍ ശിക്ഷിക്കേണ്ടത് കോടതിയാണെന്നും അതുവരെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ആരും മെനക്കെടേണ്ടെന്നും ഒരുവിഭാഗം പറഞ്ഞു.
അതേസമയം, രാഹുലിന് പിന്തുണ നല്‍കുന്നതിനെതിരേയും സാമൂഹികമാധ്യമങ്ങളില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. ആരോപണങ്ങളില്‍ ഒന്നുപോലും രാഹുല്‍ നിഷേധിച്ചിട്ടില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്ന നേതാക്കളെ വെല്ലുവിളിച്ചുള്ള രാഹുലിന്റെ സഭയിലേക്കുള്ള വരവിനുപിന്നിലും ചില ഗൂഢോദ്ദേശ്യമുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. രാഹുല്‍ സഭയിലെത്താമോ, രാഹുലിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടോയെന്ന തരത്തിലുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പുകള്‍വരെ ചില സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്നുണ്ടായി.
യുവനടി തന്റെ സുഹൃത്താണെന്നും അവര്‍ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളുമായി ഞാന്‍ ടെലിഫോണില്‍ സംസാരിച്ചും. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വാര്‍ത്തസമ്മേളനത്തിനൊടുവില്‍ നാടകീയമായി രാഹുല്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.
തനിക്കെതിരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. അത്തരമൊരു പരാതി വന്നാല്‍ നിയമപരമായി നേരിടും. രാജ്യത്തെ നിയമസംവിധാനത്തില്‍ വിശ്വാസമുണ്ട്. ഓഡിയോ സന്ദേശം വ്യാജമായി നിര്‍മിക്കുമെന്നാണ് കരുതുന്നത്. ഹണി ഭാസ്‌കരന്റെ ആരോപണം അവര്‍ തെളിയിക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങളെ കുറിച്ചാണ് മാധ്യമങ്ങള്‍ സംസാരിക്കേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടി ഉന്നയിച്ച ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ പേര് പറഞ്ഞില്ലെങ്കിലും ഇത് രാഹുലിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ?എഴുത്തുകാരി ഹണി ഭാസ്‌കരന്‍ രാഹുലിന്റെ പേരെടുത്ത് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ തന്നെ രാഹുലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.
തന്നോട് ചാറ്റ് ചെയ്തശേഷം ?അതേക്കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി സംസാരിച്ചുവെന്ന ആരോപണമാണ് എഴുത്തുകാരി ഹണി ഭാസ്‌കരന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇതേക്കുറിച്ച് താന്‍ അറിഞ്ഞത്. അതിനാലാണ് ഇപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നതെന്നും ഹണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
താന്‍ യാത്രകള്‍ നടത്തിയതിന് ശേഷം അതേക്കുറിച്ച് അറിയാനെന്ന പേരിലാണ് രാഹുല്‍ മെസേജ് അയച്ചത്. അതിന് താന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇതേക്കുറിച്ച് ഇയാള്‍ വളരെ മോശമായാണ് പലരോടും സംസാരിച്ചത്. അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് എന്നെ ചിത്രീകരിച്ചതെന്നും ഹണി പറഞ്ഞു.
"
https://www.facebook.com/Malayalivartha