എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്

പ്രശസ്ത എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ.എ. ബീനയ്ക്ക് 'സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ് 2025' ലഭിച്ചു. കൊല്‍ക്കത്തയില്‍ ഇന്ന് നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പഞ്ചായത്തീ രാജ് സംവിധാനത്തിലെ ദളിത്/സ്ത്രീ സംവരണം ഇന്ത്യന്‍ ഗ്രാമങ്ങളിലെ രാഷ്ട്രീയാധികാര സമവാക്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയോ എന്ന വിഷയത്തെ ആസ്പദമാക്കിയ അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിനാണ് പുരസ്‌കാരം ലഭിച്ചത്. ഈ ലേഖനങ്ങള്‍ പിന്നീട് 'ആ കസേര ആരുടേതാണ്?' എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ കെ.എ. ബീന ദൂരദര്‍ശനിലും ആകാശവാണിയിലും ന്യൂസ് എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷമാണ് വിരമിച്ചത്.
1978ല്‍ ദ സ്‌റ്റേറ്റ്‌സ്മാന്‍ പത്രം സ്ഥാപിച്ച റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്, ഗ്രാമീണ ഇന്ത്യയെ ആസ്പദമാക്കി തയ്യാറാക്കിയ ഉന്നത നിലവാരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കാണ് സമ്മാനിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha






















