ബന്ധുക്കളെ യാത്രയാക്കാന്‍ പോയവര്‍ക്ക് 36,000 രൂപ പിഴ ചുമത്തി റെയില്‍വേ

ബന്ധുക്കളെ യാത്രയാക്കാന്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ കയറിയ 12പേര്‍ക്ക് 36,000 രൂപ പിഴ. ബന്ധുക്കളെ യാത്രയാക്കാന്‍ ട്രെയിനിനുള്ളില്‍ കയറിയ ഇവര്‍ ഓട്ടോമാറ്റിക് വാതിലുകള്‍ അടഞ്ഞതിനെത്തുടര്‍ന്ന് ട്രെയിനിനുള്ളില്‍ അകപ്പെട്ടുപോവുകയായിരുന്നു. പിന്നീട് 79 മിനിട്ടിന് ശേഷം അടുത്ത സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങിയ ഇവര്‍ക്ക് 36,000 രൂപ റെയില്‍വേ പിഴ ചുമത്തുകയും ചെയ്തു. ട്രെയിന്‍ ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെ ട്രെയിനില്‍ കയറിയതിനാണ് പിഴ ചുമത്തിയത്.
വാരണാസി ന്യൂഡല്‍ഹി വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കാണ്‍പൂരില്‍ എത്തിയപ്പോള്‍ സീറ്റ് കണ്ടെത്തുന്നതിനായി സഹായിക്കാനാണ് 12 ബന്ധുക്കളും ട്രെയിനിനുള്ളില്‍ കയറിയത്. എന്നാല്‍, നാല് മിനിട്ട് മാത്രം സ്‌റ്റേഷനില്‍ നിര്‍ത്തുന്ന ട്രെയിന്‍ ഉടനെ പുറപ്പെട്ടു. ഓട്ടോമാറ്റിക് വാതിലുകള്‍ അടഞ്ഞതോടെ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം ജീവനക്കാരോട് ട്രെയിന്‍ നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അടുത്ത സ്‌റ്റേഷനിലേ നിര്‍ത്താന്‍ കഴിയൂ എന്ന് അവര്‍ പറഞ്ഞു.
തുടര്‍ന്ന് സംഘം ബഹളം വച്ചതോടെ ജീവനക്കാര്‍ വിവരം തുണ്ഡ്‌ല കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം ട്രെയിന്‍ ഇറ്റാവ ജംഗ്ഷനില്‍ നിര്‍ത്തി ഇവരെ പുറത്തിറക്കുകയുമായിരുന്നു. 79 മിനിട്ടോളം നീണ്ട യാത്രയ്‌ക്കൊടുവിലാണ് ട്രെയിന്‍ ഇറ്റാവയിലെത്തിയത്. തുടര്‍ന്ന് ടിക്കറ്റ് ഇല്ലാതെ യാത്രചെയ്തതിന് ഓരോരുത്തര്‍ക്കും 3,000 രൂപ വീതം 12 പേര്‍ക്ക് 36,000 രൂപ പിഴ റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം ഈടാക്കി.
വന്ദേഭാരത് ട്രെയിനുകള്‍ക്ക് ഓട്ടോമാറ്റിക് വാതിലുകളാണെന്നും അനുമതിയില്ലാതെ ആളുകള്‍ കോച്ചുകളില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. വാതിലുകള്‍ അടയുന്നതിന് മുമ്പുള്ള മുന്നറിയിപ്പ് കേട്ടാലുടന്‍ യാത്രയാക്കാന്‍ കയറിയവര്‍ ഇറങ്ങണമെന്നും അല്ലാത്തപക്ഷം യാത്രാക്കൂലിയും പിഴയും നല്‍കേണ്ടിവരുമെന്നും റെയില്‍വേ അറിയിച്ചു.
https://www.facebook.com/Malayalivartha
























