അമ്മയെവിടെ അച്ഛാ ... കരൾ പിളർത്തി പൊന്നുമോന്റെ ചോദ്യം; മറുപടി ഇല്ലാതെ കരഞ്ഞ് അച്ഛൻ; ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ഭർത്താവിന്റെ മുന്നിൽ പിടഞ്ഞ് മരിച്ചു; ബൈക്കിൽ ട്രെയ്‌ലർ ലോറിയിടിച്ചായിരുന്നു അപകടം

അമ്മയെവിടെ അച്ഛാ ... പൊന്നുമോന്റെ ചോദ്യത്തിന് മറുപടി ഇല്ലാതെ വിതുമ്പി അച്ഛൻ. അമ്മയെവിടെ അച്ഛാ....എന്ന് അവൻ പല തവണ അന്വേഷിച്ചപ്പോഴും രാജേഷ് വിതുമ്പി.ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ട്രെയ്‌ലർ ലോറിയിടിച്ചു മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി . ഭർത്താവിനു പരുക്കേറ്റു . ശക്തികുളങ്ങര വഴിക്കാവ് ക്ഷേത്രത്തിനു സമീപം ആയിത്തറ തെക്കതിൽ ആർ.രാജേഷിന്റെ ഭാര്യ എസ്.സജിതയാണ് (32) മരിച്ചത്.
രാവിലെ രണ്ടു വയസ്സുള്ള ഏക മകൻ ഋതുദേവിന് മുത്തം നൽകിയാണ് ശക്തികുളങ്ങര സ്വദേശിയായ സജിതയും ഭർത്താവ് രാജേഷും ജോലിക്കായി പോയത്. ഇരുവരും സഞ്ചരിച്ച ബൈക്കിൽ ബൈപാസിൽ പള്ളിവേട്ടച്ചിറ ഭാഗത്തു വച്ച് ട്രെയ്‌ലർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സജിത മരിച്ചു.
പ്രദേശത്ത് അപകടം പതിവാണെന്ന് ആരോപിച്ചു നാട്ടുകാർ റോഡ് ഉപരോധിച്ചു. ലോറി ഡ്രൈവർ അറസ്റ്റിലായി . ഇന്നലെ രാവിലെ 9.30ന് ബൈപാസിൽ നീരാവിൽ പള്ളിവേട്ടച്ചിറ ഒറ്റക്കൽ മേൽപാലത്തിനു സമീപത്താണ് അപകടം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ ദമ്പതികൾ ജോലിസ്ഥലമായ കല്ലുംതാഴത്തേക്കു ബൈക്കിൽ പോകുകയായിരുന്നു. ഇവരുടെ പിന്നിൽ വന്ന കണ്ടെയ്നർ ലോറി ഇടതു വശം ചേർന്നു മറികടക്കുന്നതിനിടെ ബൈക്കിന്റെ ഹാൻഡിലിൽ തട്ടി.
നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്നു സജിത ലോറിയുടെ പിൻചക്രങ്ങൾക്ക് അടിയിലേക്കു വീഴുകയായിരുന്നു. തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങി സജിത തൽക്ഷണം മരിച്ചു. രാജേഷ് വലതുവശത്തേക്കാണ് വീണത് . രാജേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. പരുക്ക് ഗുരുതരമല്ല. രണ്ടാംകുറ്റിയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു സജിത. രാജേഷ് അവിടെത്തന്നെ മറ്റൊരു കമ്പനിയിലെ ഡ്രൈവറാണ്.
https://www.facebook.com/Malayalivartha