ശബരിമല അയ്യപ്പസംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ മ്യൂസിക് സംഘത്തിലെ ഒരാള്‍ കാര്‍ കൂട്ടിയിടിച്ചു മരിച്ചു... രണ്ട് പേര്‍ക്ക് പരുക്ക്

ശബരിമല അയ്യപ്പസംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ മ്യൂസിക് സംഘത്തിലെ ഒരാള്‍ കാര്‍ കൂട്ടിയിടിച്ചു മരിച്ചു. 2 പേര്‍ക്കു പരുക്കേറ്റു. നെയ്യാറ്റിന്‍കര എള്ളുവിള കൊങ്ങാംകോട് അനുഗ്രഹ ഭവനില്‍ രാജുവിന്റ മകന്‍ ഡെനെറ്റ് രാജ് (21) ആണ് മരിച്ചത്. ഡ്രമ്മിസ്റ്റ് അരുവിക്കര കൊകോതമംഗലം പട്ടാറ വീട്ടില്‍ പി.ആര്‍.രജീഷ് (കിച്ചു35), ഗിത്താറിസ്റ്റ് അടൂര്‍ വിരിവുകാലാതറയില്‍ ഡോണി (25) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.20ന് പുനലൂര്‍മൂവാറ്റുപുഴ പാതയില്‍ മന്ദിരം ജംഗ്ഷനും വാളിപ്ലാക്കല്‍പടിക്കും മധ്യേ പൊട്ടങ്കല്‍പടി വളവിലാണു സംഭവം. മന്ദിരം, വാളിപ്ലാക്കല്‍ ഭാഗങ്ങളില്‍ നിന്നെത്തിയ കാറുകളാണു കൂട്ടിയിടിച്ചത്. മന്ദിരം ഭാഗത്തു നിന്നെത്തിയ കാര്‍ ഓടിച്ചിരുന്നത് ഡെനെറ്റാണ്. കാറിന്റെ വാതിലുകള്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ഡെനെറ്റിനെ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. മറ്റു 2 പേര്‍ക്കും റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നു. നെയ്യാറ്റിന്‍കര എള്ളുവിള കൊമ്പന്‍കോട് രാജുലീന ദമ്പതികളുടെ മകനാണ് ഡെനെറ്റ്. സഹോദരങ്ങള്‍: ഡാനി രാജ്, അഭിരാജ്. അയ്യപ്പസംഗമത്തില്‍ ഇഷാന്‍ ദേവിന്റെ ഭക്തിഗാന സദസ്സിനു പിന്നണിക്കെത്തിയതായിരുന്നു ഇവര്‍. അപകടത്തെ തുടര്‍ന്ന് പുനലൂര്‍മൂവാറ്റുപുഴ പാതയില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha


























