കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും ദുല്‍ഖര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. വാഹനം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ തയ്യാറാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ നാല് വാഹനങ്ങളാണ് സംശയ നിഴലിലുള്ളത്. രണ്ട് ലാന്‍ഡ് റോവറും രണ്ട് നിസാന്‍ വാഹനങ്ങളും. അതിലൊന്നാണ് ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്. താന്‍ നിയമപരമായി തന്നെയാണ് ഇടപാടുകളെല്ലാം നടത്തിയിരിക്കുന്നതെന്നും താന്‍ ഹാജരാക്കിയ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ് തനിക്കെതിരെയുള്ള നടപടി എന്നുമാണ് ദുല്‍ഖര്‍ ചൂണ്ടിക്കാട്ടുന്നത്. വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ ദുല്‍ഖറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനുള്ള തീരുമാനത്തിലാണ് കസ്റ്റംസ്.
https://www.facebook.com/Malayalivartha
























