സങ്കടക്കാഴ്ചയായി... കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വിഴിഞ്ഞത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് ആറേകാലോടെ വിഴിഞ്ഞം പൂവാർ റൂട്ടിൽ മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം നടന്നത്.
വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്രമാതാ പള്ളിക്ക് സമീപത്ത് നിർമ്മലാ ഭവനിൽ ജയിംസിന്റെയും സെൽവരാജിയുടെയും മകൻ ജെയ്സൺ (17), പുതിയതുറ ഉരിയരിക്കുന്നിൽ ഷാജിയുടെയും ട്രീസയുടെയും മകൾ ടി.ഷാനു (16) എന്നിവരാണ് മരിച്ചത്. ജയ്സൺ കോട്ടപ്പുറം സെന്റ്‌മേരിസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയും ഷാനു പ്ലസ് വണിലുമാണ്. ഗുരുതര പരിക്കേറ്റ ഇതേ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും പുതിയതുറ സ്വദേശിയുമായ സ്റ്റെഫാനിയെ (16) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും ഒരു സ്കൂട്ടറിലാണ് സഞ്ചരിച്ചിരുന്നത്.
കാർ ഓടിച്ചിരുന്ന പൊഴിയൂർ കോയിൽ വിളാകം വീട്ടിൽ അഡ്വ. ഷാബുവിനെ (45) വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു.വിഴിഞ്ഞത്ത് നിന്ന് മുക്കോല- മുല്ലൂർ വഴി പുതിയതുറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിൽ പുളിങ്കുടിഭാഗത്ത് നിന്നുവന്ന കാർ ഇടിക്കുകയായിരുന്നു. ജെയ്സന്റെ സഹോദരങ്ങൾ ജെസ്‌ന, ജെനി. ഷാനുവിന് ഒരു സഹോദരനുണ്ട്.\
"
https://www.facebook.com/Malayalivartha























